കുടിവെള്ളമില്ലാതെ വേനലിൽ ഉണങ്ങി കൊമ്മാടി

Monday 21 March 2022 12:30 AM IST

ആലപ്പുഴ: നഗരത്തിൽ കൊമ്മാടി വാർഡിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നു. ഒരാഴ്ചയായി രാത്രി നൂലുപോലെ വരുന്ന വെള്ളം ശേഖരിച്ചാണ് നിവാസികൾ പ്രാഥമിക കൃത്യങ്ങൾക്കളടക്കം ഉപയോഗിക്കുന്നത്. തകഴിയിലെ പൈപ്പ്ലൈൻ മാറ്റവുമായി ബന്ധപ്പെട്ട് പകൽ സമയത്ത് പമ്പിംഗ് നിർത്തിവച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട പ്രതിസന്ധിക്ക് കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈവേയിൽ വീതികൂട്ടാൻ നടത്തിയ പണികളുടെ ഭാഗമായി പൈപ്പ് ലൈനുകൾ പലതും റോഡിന്റെയും കാനകളുടെയും അടിയിലായിട്ടുണ്ട്. ഇത് വെള്ളത്തിന്റെ മർദ്ദത്തെ പ്രതികൂലമായി ബാധിക്കുകയും വെള്ളം വരാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതരുടെയടക്കം അനുമാനം. ഒപ്പം കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകളും പ്രശ്നമാകുന്നുണ്ട്. സമാന്തര ബൈപാസും അനുബന്ധ വികസനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും റോഡ് പൊളിക്കേണ്ടി വരുമ്പോൾ പൈപ്പ് ലൈനുകൾ മാറ്റും. അതുവരെ കുടിവെള്ള പ്രശ്നത്തിന് പരിപൂർണ പരിഹാരമാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

..................................

കുടിവെള്ളപ്രശ്നം രൂക്ഷമായിട്ട് ഒരാഴ്ച്ച പിന്നിട്ടു. രണ്ട് ദിവസം പൈപ്പിൽ വെള്ളം വന്നാൽ അടുത്ത രണ്ടാഴ്ച്ച വരില്ലെന്ന സ്ഥിതിയാണ്.

കൊമ്മാടി പ്രദേശവാസികൾ

............................................

വാർഡിലെ ചില ഭാഗങ്ങളിലാണ് കുടിവെള്ള പ്രശ്നമുള്ളത്. ദേശീയപാതയുടെ പണി പൂർത്തിയാകുന്നതോടെ ജലലഭ്യത പഴയതു പോലെ പുന:സ്ഥാപിക്കപ്പെടുമെന്നാണ് വാട്ടർ അതോറിട്ടിയിൽ നിന്ന് ലഭിക്കുന്ന മറുപടി.

മോനിഷ ശ്യാം, കൗൺസിലർ, കൊമ്മാടി വാർഡ്

ബൈപ്പാസുമായി ബന്ധുപ്പെട്ട് പല സ്ഥലത്തും റോഡിന് വീതി കൂട്ടിയപ്പോൾ പല പൈപ്പ് ലൈനുകൾ റോഡിന്റെ അടിയിലായി പോയിട്ടുണ്ട്. ഇതോടെ വെള്ളത്തിന്റെ പ്രഷർ കുറഞ്ഞു. ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതാണ് പരിഹാരമാർഗം.

വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർ

Advertisement
Advertisement