ആർ.ജെ.ഡിയിൽ ലയിച്ച് ശരദ് യാദവും എൽ.ജെ.ഡിയും

Monday 21 March 2022 2:37 AM IST
GF

ന്യൂഡൽഹി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവിന്റെ ലോക് താന്ത്രിക് പാർട്ടി (എൽ.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചു. ശരദ് യാദവിന്റെ ഡൽഹി വസതിയിൽ വച്ച് ബീഹാർ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ലയനം. ജയിലിലായതിനാൽ ലാലുവിന് പങ്കെടുക്കാനായില്ല. ബീഹാറിൽ നിന്ന് ആർ.ജെ.ഡി സ്ഥാനാർത്ഥിയായി ശരദ് യാദവ് രാജ്യസഭയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ജയ്‌പ്രകാശ് നാരാണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ശരദ് യാദവും ലാലുവും ജനതാദളിൽ ഒന്നിച്ചു പ്രവർത്തിച്ചെങ്കിലും പിന്നീട് പല വഴി പിരിഞ്ഞ്,​ 25 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒരുമിക്കുന്നത്.

തേജസ്വിയെപ്പോലുള്ള യുവ നേതാക്കളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ശരത് യാദവ് പറഞ്ഞു. ആർ.ജെ.ഡിക്ക് കൂടുതൽ കരുത്തു പകരാനും തേജസ്വിക്ക് കഴിയും. മതേതര മുന്നണിയെ ശക്തിപ്പെടുത്താൻ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ഒപ്പം കൂട്ടണം. വർഗീയ ശക്തികളുമായി വിട്ടു വീഴ്ച ചെയ്യാത്തതിന്റ പേരിലാണ് ലാലു പ്രസാദ് ജയിലിൽ തുടരുന്നതെന്നും ഒരു ദിവസം അദ്ദേഹം സ്വതന്ത്രനായി പുറത്തുവരുമെന്നും ശരദ് യാദവ് പറഞ്ഞു.

ആർ.ജെ.ഡിയിൽ ചേരാനുള്ള ശരദ് യാദവിന്റെ തീരുമാനം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ഇത് പ്രതിപക്ഷ പാർട്ടികൾക്കുള്ള സന്ദേശം കൂടിയാണെന്നും തേജസ്വി പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മ ഇപ്പോഴെ വൈകിയിരിക്കുന്നു. മതേതര പാർട്ടികൾ 2019 മുതൽ ഒന്നിച്ചിരുന്നെങ്കിൽ വർഗീയ പാർട്ടികളെ നേരിടാനാകുമായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണം എതിർക്കപ്പെടേണ്ടതാണ്. രാജ്യമെങ്ങും വെറുപ്പിന്റെ രാഷ്‌ട്രീയം പടരുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ പാർട്ടി സെല്ലുകളായി ചുരുങ്ങി. തൊഴിലില്ലായ്‌മ,വിലക്കയറ്റം,​ പണപ്പെരുപ്പം തുടങ്ങിയവ ചോദ്യം ചെയ്യുന്നവരെ ഒതുക്കുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി.

നിതീഷിന്റെ ജെ.ഡി.യു,​ എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് 2018ലാണ് ശരത് യാദവ് ലോക്‌താന്ത്രിക് പാർട്ടി രൂപീകരിച്ചത്. അതിന്റെ പേരിൽ അദ്ദേഹത്തിന് രാജ്യസഭാംഗത്വം നഷ്‌‌ടമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയായി തന്റെ സ്ഥിരം മണ്ഡലമായ ബീഹാറിലെ മധേപുരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കേരള നേതൃത്വവുമായി ചർച്ച

ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനത്തെ എതിർക്കുന്ന കേരള നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് എൽ.ജെ.ഡി ദേശീയ നേതൃത്വം. ഇക്കാര്യം തങ്ങളോട് ചർച്ച ചെയ്‌തില്ലെന്നാണ് കേരള ഘടകത്തിന്റെ പരാതി. വിഷയം സംസ്ഥാന ഘടകവുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ജാവേദ് റാസേ പറഞ്ഞു. ശരത് യാദവ് എൽ.ജെ.ഡി നേതാവ് ശ്രേയാംസ് കുമാറുമായി സംസാരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Advertisement
Advertisement