വിറങ്ങലിച്ച് മരിയുപോൾ: 400 പേർ അഭയം പ്രാപിച്ച സ്കൂളിന് നേരെ ആക്രമണം

Monday 21 March 2022 6:22 AM IST

കീവ് : മരിയുപോളിൽ സ്ഥിതി അതീവ രൂക്ഷമാകുന്നു. അധിനിവേശത്തിന്റെ 25ാം ദിനമായ ഇന്നലെ മരിയുപോളിന്റെ കിഴക്ക് 400 പേർ അഭയം പ്രാപിച്ചിരുന്ന ആർട്ട് സ്കൂൾ ഇന്നലെ റഷ്യൻ ബോംബാക്രമണത്തിൽ തകർന്നു. സമീപ പ്രദേശങ്ങളിൽ ആക്രമണം രൂക്ഷമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താനാകാത്ത സ്ഥിതിയാണ്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി. മരിയുപോളിൽ അസോവ്‌സ്റ്റൽ കമ്പനിയും ആക്രമണത്തിൽ തകർന്നു. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ, ഇരുമ്പ് കമ്പനികളിലൊന്നാണിത്.

ഹൈപ്പർസോണിക് മിസൈലായ കിൻഷൽ വീണ്ടും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചു. വടക്കൻ നഗരമായ മൈക്കൊലൈവിൽ യുക്രെയിൻ സൈന്യത്തിന്റെ വലിയ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെയാണ് കിൻഷൽ പ്രയോഗിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു. പടിഞ്ഞാറൻ യുക്രെയിനിലെ ഒരു ആയുധ സംഭരണ കേന്ദ്രത്തിന് നേരെ കിൻഷൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചെന്ന് റഷ്യ ശനിയാഴ്ച അറിയിച്ചിരുന്നു.

അതേ സമയം, മൈക്കൊലൈവിൽ ശനിയാഴ്ച രാത്രി യുക്രെയിൻ പട്ടാള ക്യാമ്പുകൾക്ക് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ 40ലറെ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 200ൽ താഴെ സൈനികർ ക്യാമ്പിലുണ്ടായിരുന്നതായാണ് വിവരം. ഇവിടെ റഷ്യ ഇസ്കൻഡർ - എം ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചെന്നാണ് കരുതുന്നത്.

ഖാർക്കീവ് നഗരത്തിലും ഇന്നലെ വ്യാപക ആക്രമണങ്ങൾ നടന്നു. ഖാർക്കീവിൽ ബഹുനിലകെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ 9 വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചെർണീവിൽ ഷെല്ലാക്രമണത്തിൽ ഡസൻകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടതായി മേയർ ആരോപിച്ചു. കീവിൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടന്നു.

സുമിയിലെ ഒരു അനാഥാലയത്തിൽ നിന്ന് 71 കുട്ടികളെ ഇന്നലെ സുരക്ഷിതമായി ഒഴിപ്പിച്ചു. 562 റഷ്യൻ സൈനികർ ഔദ്യോഗികമായി തങ്ങളുടെ പിടിയിലാണെന്ന് യുക്രെയിൻ അറിയിച്ചു. ലുഹാൻസ്കിൽ വൃദ്ധ സദനത്തിന് നേരെ റഷ്യ വെടിവയ്പ് നടത്തിയെന്ന് യുക്രെയിൻ ആരോപിച്ചു.

യുക്രെയിനിൽ റഷ്യാ ബന്ധമുള്ള 11 രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം നിരോധിക്കാൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഉത്തരവിട്ടു. അധിനിവേശം അവസാനിപ്പിക്കാനുള്ള ഏക മാർഗം ചർച്ചായണെന്നും താൻ പുട്ടിനുമായി ചർച്ചകൾക്ക് തയാറാണെന്നും ശ്രമങ്ങൾ പരാജയപ്പെട്ടാൽ മൂന്നാം ലോകമഹായുദ്ധമായാണ് ഇത് അർത്ഥമാക്കുകയെന്നും സെലെൻസ്കി പറഞ്ഞു. റഷ്യയിലേക്ക് അലൂമിനിയത്തിന്റെയും ബോക്സൈറ്റ് ഉൾപ്പെടെയുള്ള അലൂമിനിയം അയിരുകളുടെയും കയറ്റുമതി ഓസട്രേലിയ നിറുത്തി.

അധിനിവേശം ആരംഭിച്ചനാൾ മുതൽ യുക്രെയിനിൽ ഇതുവരെ ആറ് മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്നും എട്ട് പേർക്ക് പരിക്കേറ്റെന്നും രണ്ട് പേരെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയെന്നും സ്വിറ്റ്‌സർലൻഡിലെ പ്രസ് എമ്പ്ലം കാമ്പെയ്ൻ പറഞ്ഞു.

ജാവ്‌ലിൻ, സ്റ്റിൻജർ മിസൈലുകൾ ഉൾപ്പെടുന്ന കൂടുതൽ യു.എസ് ആയുധങ്ങൾ ദിവസങ്ങൾക്കുള്ളിൽ യുക്രെയിനിൽ എത്തും. 33 ലക്ഷം പേർ ഇതുവരെ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തെന്ന് യു.എൻ അറിയിച്ചു. 902 സിവിലയൻമാർ ഇതുവരെ യുക്രെയിനിൽ മരിച്ചെന്നും യു.എൻ വ്യക്തമാക്കി.

യുക്രെയിനും റഷ്യയും ചില നിർണായക വിഷയങ്ങളിൽ ഒരു കരാറിലേക്ക് അടുക്കുകയാണെന്നും ചില വിഷയങ്ങളിൽ ഇരുവിഭാഗവും ഏകദേശം യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോ‌ഗ്‌ലു സൂചിപ്പിച്ചു.

Advertisement
Advertisement