കൈത്തരിപ്പ് തീർക്കുന്ന പൊലീസ് ഏമാൻമാർ.

Tuesday 22 March 2022 12:00 AM IST

എന്നോ വന്നേക്കാവുന്ന കെ റെയിലിനായുള്ള കല്ലിടലും പിറകേ നാട്ടുകാർ കല്ലു പിഴുതെറിഞ്ഞുള്ള സമര പരമ്പരയും പൊലീസ് ഇടപെടലുമാണ് ഇപ്പോൾ ചൂടേറിയ വാർത്ത. സ്ഥിരം കലാപരിപാടിപോലെ നടന്നു വന്ന ഈ ഏർപ്പാട് വൈറലായത് മാടപ്പള്ളിയിലെ പൊലീസ് ഇടപെടലിനെ തുടർന്നായിരുന്നു. സമരക്കാരെ കണ്ടാൽ ഹാലിളകി സ്ഥിരം ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ഒരു ഏമാനായിരുന്നു സർക്കാരിന് പോലും നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് പിന്നിൽ.

അതിവേഗ റെയിൽ പാതയല്ല ശബരിമല വിമാനത്താവളത്തിനാണെങ്കിലും കിടപ്പാടം നഷ്ടപ്പെടുന്നത് ആർക്കും സഹിക്കില്ല. മൂലമ്പള്ളി മുതൽ നന്ദിഗ്രാം വരെ സ്ഥലം നഷ്ടപ്പെടുന്ന നാട്ടുകാരുടെ പ്രതിഷേധം കണ്ടതാണ് .മാടപ്പള്ളിയിലും ഇതുതന്നെ സംഭവിച്ചു. കുഞ്ഞുകുട്ടി പരാധീനമടക്കം വനിതകൾ സംഘടിച്ചു കല്ലിടലിനെ ചെറുത്തു. തടയാൻ പൊലീസുമെത്തി. ആൾക്കൂട്ടത്തിന്റെ വികാരം മനസിലാക്കി പ്രവർത്തിക്കണമെന്നത് പൊലീസുകാർക്ക് ലഭിക്കേണ്ട ആദ്യപരിശീലനപാഠമാണ്. സാമം, ദാനം, ഭേദം എന്നിവ കഴിഞ്ഞു വേണം ദണ്ഡമെന്നാണ് നമ്മുടെ ആചാര്യന്മാർ പോലും പറഞ്ഞിട്ടുള്ളത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർക്കു നേരെ പൊലീസ് രാജ് പ്രയോഗിക്കും മുമ്പ് രണ്ടു വട്ടം ആലോചിക്കണം. ആൾക്കൂട്ടം കണ്ടാൽ അരിശം വന്ന് അടിച്ചൊതുക്കണമെന്ന ചിന്തയോടെ എവിടെയും പ്രശ്നമുണ്ടാക്കുന്ന ഏമാൻ മാടപ്പള്ളിയിലും പ്രശ്നക്കാരനായി. സ്ത്രീകളെ കാലിനും കൈക്കും പിടിച്ചുവലിച്ചും തൂക്കിയെടുത്തും വാനിൽ കയറ്റി. അമ്മയെ പിടിച്ചു വലിക്കുന്നതു കണ്ട മകന്റെ കരച്ചിൽ കൂടിയായതോടെ കാമറകൾക്കും വിരുന്നായി. സ്ത്രീകൾക്കു നേരേയുള്ള കൈയേറ്റം ലൈവായി ചാനലുകളിൽ വന്നതോടെ നിയമസഭയിലും പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചോദ്യോത്തര വേളയിൽ വോക്കൗട്ടും പ്രഖ്യാപിച്ച് നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം മാടപ്പള്ളിക്ക് വണ്ടി പിടിച്ചു.

കെ റെയിൽ വിരുദ്ധസമരം ഇടതു മുന്നണിയിലെ കക്ഷികൾ ഒഴിച്ച് ബാക്കി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോജിച്ചുള്ള പ്രക്ഷോഭമായി കേരളത്തിൽ ശക്തിപ്രാപിക്കുന്നതിന് വഴിയൊരുക്കിയത് മാടപ്പള്ളിയിലെ ഈ പൊലീസ് ഇടപെടലായിരുന്നു. മുഖ്യമന്ത്രിയുടെയും ചങ്ങനാശേരി എം.എൽ.എയുടെയും സന്തതി പരമ്പരകളെ വരെ ചീത്ത വിളിച്ചു സ്ഥലം നഷ്ടപ്പെടുന്നവർ സംഘടിച്ചു നിന്നപ്പോൾ അവരെ അടിച്ചൊതുക്കാതെ കുറേക്കൂടി സമചിത്തത പൊലീസ് കാണിക്കണമായിരുന്നുവെന്ന് ഇടതു നേതാക്കൾ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സമരക്കാർക്കെതിരെ പൊലീസ് കേസ് എടുത്തതു പോരാഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരത്തിനിറക്കിയതിന് അമ്മക്കെതിരെ പോക്സോ കേസു വരെ എടുത്ത് സമരാഗ്നിയിൽ കൂടുതൽ എണ്ണ ഒഴിച്ച് ആളിക്കത്തിക്കുന്ന ഏമാന്മാർ പൊലീസ് സേനയ്ക്ക് ഒരിക്കലും ഭൂഷണമല്ല.

വിമോചന സമരത്തിന് തുടക്കമിട്ട സ്ഥലമാണ് ചങ്ങനാശേരി. ഇടതു സർക്കാരിനെതിരെയുള്ള വിമോചന സമരത്തിന്റെ തുടക്കമായിരുന്നു മാടപ്പള്ളിയിലേതെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും കെ റെയിൽ സമരം ആളിക്കത്തിക്കാൻ വഴിയൊരുക്കി ജനങ്ങളെ സർക്കാരിനെതിരാക്കിയ പൊലീസ് സേനയിലെ വല്യ ഏമാന് മാത്രമല്ല എന്തു തോന്ന്യാസം കാണിച്ചാലും താങ്ങും തണലുമായി നിൽക്കുന്ന നേതാക്കൾക്കും കീർത്തി ചക്ര പുരസ്ക്കാരം നൽകേണ്ടതാണ്.

Advertisement
Advertisement