വീട് നൽകാമെന്ന് പറഞ്ഞ് നാലരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

Tuesday 22 March 2022 12:00 AM IST

മുണ്ടക്കയം. പ്രളയത്തിൽ വീട് നഷ്ടമായവരിൽ നിന്ന് ഒറ്റിക്ക് വീട് നൽകാമെന്ന് പറഞ്ഞ് നാലരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പെരുവന്താനം അഴങ്ങാട് മുണ്ടന്താനത് ഫിലിപ്പും കുടുംബവുമാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തെപ്പറ്റി ഇവർ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിൽ ഫിലിപ്പിന്റെ വീടിനും പുരയിടത്തിനും സാരമായ കേടുപാട് സംഭവിച്ചിരുന്നു. പ്രദേശം വാസയോഗ്യമല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ് താത്ക്കാലിക വീടിനായി അന്വേഷണം ആരംഭിച്ചത്. മുണ്ടക്കയത്തെ ചില ഏജന്റുമാരുടെ സഹായത്തോടെ ബൈപ്പാസിന് സമീപത്തെ മലേകുന്നേൽ ഉഷയുടെ വീട് മൂന്നുവർഷ കാലാവധിയിൽ നാലരലക്ഷം രൂപ ഒറ്റിക്ക് ഉടമ്പടി ഒപ്പുവയ്ക്കുകയും തുക കൈമാറുകയും ചെയ്തു. നിലവിൽ താമസിച്ചുകൊണ്ടിരുന്ന കുടുംബക്കാർ ഉടൻ മാറുമെന്നാണ് ഉഷ പറഞ്ഞിരുന്നത്. എന്നാൽ ഫിലിപ്പും കുടുംബവും താമസിക്കാനായി എത്തിയപ്പോഴാണ് ചതി മനസിലായത്. ഒരു വീട് രണ്ടായി തിരിച്ച് രണ്ട് കുടുംബങ്ങളാണ് അവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇവരിൽ നിന്ന് 11 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. ഇവരുമായി ഉടമ്പടി നിലനിൽക്കെയാണ് ഫിലിപ്പിൽ നിന്ന് നാലരലക്ഷം രൂപ വാങ്ങിയത്. പരാതി നൽകിയതിനെത്തുടർന്ന് നിരവധിതവണ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ പണം നൽകാമെന്ന് ഉറപ്പു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പണവും വീടും ലഭിക്കാതായതോടെ ഫിലിപ്പും കുടുംബവും തിങ്കളാഴ്ച രാവിലെ ഉഷയുടെ വീട്ടിലെത്തി കുത്തിയിരുന്നു. പ്രശ്ന പരിഹാരം ഉണ്ടാകും വരെ സമരം ചെയ്യുമെന്ന് ഇവർ പറയുന്നു.
തട്ടിപ്പിന് ചില ദല്ലാൾമാരും ആധാരമെഴുത്തുകാരും ഒത്താശ ചെയ്തിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പ് വ്യാപകമായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

Advertisement
Advertisement