യുദ്ധത്തിന്റെ പേരിലും പകൽക്കൊള്ള

Tuesday 22 March 2022 12:00 AM IST

കെട്ടിനിർമ്മാണ സാമഗ്രികൾക്ക് അടുത്ത ദിവസങ്ങളിലുണ്ടായ ഭീമമായ വിലവർദ്ധനയ്ക്കു കാരണമായി നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നത് റഷ്യ - യുക്രെയിൻ യുദ്ധത്തെയാണ്. അങ്ങകലെ യുദ്ധം നടക്കുന്നതു കാരണം ഇരുമ്പിനും കമ്പിക്കും സിമന്റിനും മാത്രമല്ല ഇവിടത്തെ വയലുകളിൽ നിന്നെടുക്കുന്ന മണ്ണുപയോഗിച്ചു നിർമ്മിക്കുന്ന ഇഷ്ടികയ്ക്കും പാറപ്പൊടിക്കും വരെ വില കയറുകയാണത്രേ. സംസ്ഥാനത്ത് നിർമ്മാണ ജോലികൾ തകൃതിയായി നടക്കേണ്ട മാസങ്ങളാണിത്. കഴിഞ്ഞ രണ്ടു സീസണുകൾ കൊവിഡ് മഹാമാരി കാരണം നിറംകെട്ടുപോയിരുന്നു. മഹാമാരി ഭീതി ഏതാണ്ട് ഒഴിഞ്ഞതോടെ എല്ലായിടത്തും നിർമ്മാണ ജോലികൾ വലിയ തോതിൽ ആരംഭിക്കുന്നതിനിടയിലാണ് വെള്ളിടിപോലെ സകല നിർമ്മാണ സാമഗ്രികളുടെയും വില ആകാശം മുട്ടെ ഉയരാൻ തുടങ്ങിയിരിക്കുന്നത്.

നിർമ്മാണ സാമഗ്രികളിൽ ചിലതിന്റെ വിലയിൽ പൊടുന്നനെയുണ്ടായ വ്യത്യാസം കഴിഞ്ഞ ലക്കം 'കേരളകൗമുദി" പ്രസിദ്ധീകരിച്ചിരുന്നു. ജനുവരിയിലെ വിലയെ അപേക്ഷിച്ച് കമ്പിക്കും സിമന്റിനും മണലിനും മെറ്റലിനും മാത്രമല്ല ചുടുകല്ലിനു പോലും ഈ മാസം അധിക വിലയാണു നൽകേണ്ടത്. ആനുപാതികമായി തൊഴിലാളികളുടെ കൂലിയിലുമുണ്ടായി ഗണ്യമായ വർദ്ധന. നേരത്തെ നിർമ്മാണ കരാറുകാരെ മാത്രമല്ല എന്തെങ്കിലും നിർമ്മിക്കാനൊരുങ്ങുന്ന സർവരെയും പ്രതിസന്ധിയിലാക്കുന്നതാണ് അഭൂതപൂർവമായ വിലക്കയറ്റം.

നിർമ്മാണ സീസൺ തുടങ്ങുമ്പോൾ ആസൂത്രിതമായ രീതിയിലാണ് ഇവിടെ നിർമ്മാണ വസ്തുക്കളുടെ വില ഉയരാറുള്ളത്. സർക്കാർ ഇടപെടൽ കാര്യമായി ഉണ്ടാകാത്തത് ഇവയുടെ ഉത്‌പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് വലിയ അനുഗ്രഹവുമാണ്. മുപ്പതും നാല്പതും ശതമാനം വിലയാണ് രണ്ടുമാസത്തിനിടെ വർദ്ധിച്ചിരിക്കുന്നത് എന്നതിൽ നിന്നുതന്നെ കൊള്ളയുടെ വ്യാപ്തി ബോദ്ധ്യമാകും. ജനുവരിയിലെയും മാർച്ചിലെയും വില പരിശോധിച്ചാൽ കമ്പി കിലോയ്ക്ക് 22 രൂപയുടെയും സിമന്റിന് 70 രൂപയുടെയും എംസാൻഡിന് 8000 രൂപയുടെയും മെറ്റലിന് 3000 രൂപയുടെയും വർദ്ധനയാണ് വന്നത്. ഇതിന്റെ ചുവടുപിടിച്ച് മറ്റ് സാമഗ്രികളുടെ വിലയും കൂടിയിട്ടുണ്ട്. മൂന്നുമാസം മുമ്പുള്ള വിലവച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണമേറ്റെടുത്ത കരാറുകാരും സ്വന്തമായി നിർമ്മാണം തുടങ്ങിയവരും വിലക്കയറ്റത്തിൽ പകച്ചുനിൽക്കുകയാണ്.

മതിയായ കാരണങ്ങളില്ലാതെ നിർമ്മാണ സാമഗ്രികളുടെ വിലകൂട്ടുന്ന പ്രവണത നിയന്ത്രിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമായിത്തീർന്നു. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങൾ വിലയിരുത്തണം. പ്രതികൂല ഘടകങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാൻ നടപടി സ്വീകരിക്കണം. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന നിർമ്മാണമേഖല വിലക്കയറ്റത്തിന്റെ പിടിയിൽപ്പെട്ട് മാന്ദ്യത്തിലായാൽ ആഘാതം വലുതായിരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അത്തരമൊരു അവസ്ഥ തടസമാകും. 'ലൈഫ്" പോലുള്ള സർക്കാർ പാർപ്പിട പദ്ധതിക്കും നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന പ്രതികൂലമായി ബാധിക്കുമെന്നു തീർച്ച. സർക്കാർ സഹായം വാങ്ങി കൂര നിർമ്മിക്കാനൊരുങ്ങുന്നവർ പാതിവഴിയിൽ പണി നിറുത്തിവയ്ക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകരുത്. മുൻപ് ഒരു ഘട്ടത്തിൽ ഇതുപോലെ നിർമ്മാണ വസ്തുക്കൾക്ക് വലിയ വിലക്കയറ്റമുണ്ടായപ്പോൾ സാധാരണക്കാരെ സഹായിക്കാൻ ജില്ലകൾ തോറും 'കലവറ" എന്ന പേരിൽ ന്യായവില കടകൾ തുടങ്ങിയ കാര്യം ഓർക്കുന്നു. പിന്നീട് അവയുടെ പ്രവർത്തനം നിലച്ചുപോയിരുന്നു. ഇതുപോലുള്ള സംരംഭങ്ങൾ വീണ്ടും തുടങ്ങിയാൽ കുറെ പേർക്കെങ്കിലും ആശ്വാസമാകും. നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂടിയാൽ സർക്കാർ ഇടപെടൽപോലെ നിർമ്മാണരംഗത്തുമുണ്ടാകണം. നിർമ്മാണമേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണെന്ന യാഥാർത്ഥ്യം മറക്കരുത്.

Advertisement
Advertisement