പേട്ടയിൽ യുവാവിനെ കുത്തിക്കൊന്ന കേസ് : 80 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Tuesday 22 March 2022 2:38 AM IST

തിരുവനന്തപുരം:നാടിനെ നടുക്കിയ കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പേട്ട പൊലീസ്.വീട്ടിലെത്തിയ മകളുടെ ആൺ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.2021 ഡിസംബർ 29ന് പുലർച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോർജാണ് (19) കുത്തേറ്റ് മരിച്ചത്.കുറ്റകൃത്യത്തിന് ശേഷം പേട്ട ചായക്കുടി ലെയിൻ ഏദനിൽ സൈമൺ ലാലൻ (51) പേട്ട പൊലീസ് സ്റ്രേഷനിൽ കീഴടങ്ങുകയായിരുന്നു. മൊഴികളുടെ വൈര്യുദ്ധത്തിൽ അന്വേഷണം വലയ്ക്കുന്ന നിലയിൽ പ്രതി എത്തിച്ചെങ്കിലും തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച് സാഹചര്യം അന്വേഷിച്ചുമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു പൊലീസിന്റേത്. ആദ്യം കള്ളനെന്നു പറഞ്ഞ് അനീഷിനെ കുത്തിയതായാണ് പൊലീസിന് സൈമൺ മൊഴി നൽകിയതെങ്കിലും വിവിധ തരത്തിലുള്ള അന്വേഷണത്തിൽ കൊലപ്പടുത്താനുള്ള കാര്യം സൈമൺ ലാലന് പറയേണ്ടിവന്നു. മകളുടെ ആൺസുഹൃത്തിനോട് തോന്നിയ വൈരാഗ്യമാണ് അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്യാൻ സൈമൺ ലാലനെ പ്രേരിപ്പച്ചെതെന്ന് പൊലീസിനോട് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. സാങ്കേതിക തെളിവുകൾ,ഫോറൻസിക് തെളിവുകൾ എന്നിവയും ഇതിൽ ഉപയോഗിക്കേണ്ടിവന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്.അനീഷിന്റെ ഫോൺ രേഖകൾ,പൊലീസ് നായ മണംപിടിച്ച് പോയ സ്ഥലം തുടങ്ങിയവ നിരീക്ഷണം നടത്തിയാണ് കൊല്ലപ്പെട്ട അനീഷ് വന്ന വഴി സ്ഥിരീകരിച്ചത്. പ്രവാസിയായിരുന്ന സൈമൺ ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി. പേട്ട സി.ഐ റിയാസ് രാജ എം.ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്,സുധീഷ് എ.എസ്.ഐ എഡ്വിൻ,ജയനാരായണൻ,വനിത സി.പി.ഒ ശരണ്യ,സി.പി.ഒമാരായ അരുൺ,വിപിൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Advertisement
Advertisement