കളക്ടറേറ്റ് വളപ്പിൽ സർവേകല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്.

Wednesday 23 March 2022 12:00 AM IST

കോട്ടയം. കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റ് വളപ്പിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സർവേകല്ല് സ്ഥാപിച്ചു. തിരുനക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കളക്ട്രേറ്റിന് സമീപത്തെ തടിമില്ലിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് തടയാനായിരുന്നു പൊലീസിന്റെ ശ്രമം. കളക്ടറേറ്റിലെ ബാരിക്കേഡ് മറികടക്കാനായി പ്രവർത്തകർ ആദ്യമെത്തിയത് ലോഗോസ് ജംഗ്ഷനിൽ ആയിരുന്നു. പ്രവർത്തകർ കോടതി ഗെയിറ്റിലൂടെ ഉള്ളിൽ കടക്കുമെന്ന് കരുതി സുരക്ഷ ഒരുക്കിയ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലേക്കാണ് പ്രവർത്തകർ നീങ്ങിയത്. പൊലീസ് പ്രധാന ഗേറ്റ് അടച്ചെങ്കിലും കെ. കെ. റോഡിലൂടെ ജില്ലാപഞ്ചായത്തിന് സമീപമുള്ള ഗേറ്റിനുള്ളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് ഓടിക്കയറി. തുടർന്ന് കളക്ടറേറ്റ് വളപ്പിൽ കെ.റെയിൽ വേണ്ട കേരളം മതി എന്നെഴുതിയ സർവേകല്ല് സ്ഥാപിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടാകുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു. കണ്ടാലറിയാവുന്ന 75 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

കെ.റെയിൽ സർവേ അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി എല്ലാ സർക്കാർ ഓഫീസിലും പ്രതിഷേധ സർവേ കല്ലുകൾ സ്ഥാപിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. ടോം കോര അഞ്ചേരി, സിജോ ജോസഫ്,റോബി ഊടുപുഴയിൽ, സിംസൻ ജോസ്, റിജു ഇബ്രാഹിം, ജിൻസൻ ചെറുമലയിൽ, ജെനിൻ ഫിലിപ്പ്, അനീഷാ തങ്കപ്പൻ, എം.കെ ഷമീർ, തോമസ്‌കുട്ടി മുക്കലാ, രാഹുൽ മറിയപ്പള്ളി, ഫ്രാൻസിസ് മരങ്ങാട്ടുപള്ളി, മനുകുമാർ, അരുൺ മാർക്കോസ്, ആന്റോച്ചൻ ജെയിംസ്, ലിജോ പറേകുന്നുപുറം, രഞ്ജിത് അറയ്ക്കൻ, ലിബിൻ കെ.ഐസക്, ഗൗരി ശങ്കർ, അജു തേകേക്കര, അൻസു സണ്ണി, കുര്യാക്കോസ് ഐസക്, ജെയ്‌സൻ പേരുവേലി, അരുൺ ശശി, ജെയിംസ് തോമസ്, ജേക്കബ് ദാസ്, ഷിയാസ് മുഹമ്മദ്, രാഷമോൻ ഓറ്റത്തിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement