എൻസിസി കേഡറ്റുകൾക്ക് പരിശീലനവുമായി കേരള കേന്ദ്ര സർവ്വകലാശാല: ജീവിത നൈപുണ്യത്തിന് ഇതിലേ

Tuesday 22 March 2022 9:52 PM IST

പെരിയ: എൻ.സി.സി കേഡറ്റുകൾക്ക് ജീവിത നൈപുണ്യ പരിശീലനവുമായി കേരള കേന്ദ്ര സർവ്വകലാശാല. സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് എജ്യുക്കേഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പയ്യന്നൂർ ആസ്ഥാനമായുള്ള എൻ.സി.സി 32 കേരള ബറ്റാലിയനുമായി സഹകരിച്ചാണ് പരിപാടി. 20 മണിക്കൂറാണ് പരിശീലന കോഴ്സിന്റെ കാലാവധി. ഓൺലൈനായും നേരിട്ടും ക്ലാസ്സുകൾ നൽകും. വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തിലധികം പേർക്ക് പരിശീലനം ലഭിക്കും.

ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് ( രാവിലെ 10.30ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു നിർവ്വഹിക്കും. എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്ന പരിപാടിയിൽ 32 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ വൈ.വിജയകുമാർ മുഖ്യാതിഥിയാകും. എൻസിസി പ്രതിനിധികൾ, ഡീനുമാർ, ഡിപ്പാർട്ട്‌മെന്റ് തലവന്മാർ തുടങ്ങിയവർ സംബന്ധിക്കും.

വെല്ലുവിളികളെ നേരിടാൻ

വർത്തമാന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് സെന്റർ ഡയറക്ടർ പ്രൊഫ.എം.എൻ. മുസ്തഫ പറഞ്ഞു. സ്വയംതിരിച്ചറിയൽ, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ, മറ്റുള്ളവരുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കൽ, സമ്മർദ്ദം നിയന്ത്രിക്കാനുള്ള പരിശീനം, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആധുനിക തൊഴിൽ മേഖലകളിലേക്കുള്ള പരിശീന കളരികൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement