അവസാനിപ്പിക്കേണ്ട കുട്ടിവിളയാട്ടം

Wednesday 23 March 2022 12:00 AM IST

കർശനമായ നിയമങ്ങൾ നിലവിൽ വന്നാലും അത് നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന നിരുത്സാഹവും നിരുത്തരവാദിത്വവുമാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. റാഗിംഗ് എന്ന പേരിൽ പല പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടർന്നു വരുന്ന കിരാതമായ പ്രവൃത്തി സാമൂഹ്യവിരുദ്ധ വിളയാട്ടമായി മാറിയതോടെയാണ് ഇത് തടയാൻ ശക്തമായ നിയമങ്ങൾ നിലവിൽ വന്നത്. റാഗ് ചെയ്തതായി തെളിയിക്കപ്പെട്ടാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 13 വകുപ്പുകൾ പ്രകാരം രണ്ടുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാം. കുറ്റക്കാരനായ വിദ്യാർത്ഥിയെ പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകാതിരിക്കുകയും ചെയ്യും. പരാതിയിൽ നടപടി എടുക്കാത്തവർക്കെതിരെയും ശിക്ഷാ നടപടികളുണ്ടാകും. ഇത്രയും ശക്തമായ ശിക്ഷാ നടപടികളുണ്ടായിട്ടും റാഗിംഗ് ആവർത്തിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ഒരു കോളേജിൽ നിന്ന് ഒരു ഡസനോളം കുട്ടികളെ റാഗിംഗിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യേണ്ടിവന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 395 കേസുകളാണുണ്ടായത്. എന്നാൽ കേസുകളുടെ എണ്ണം കുറയുന്നുണ്ട്. 2018-ൽ 63 കേസുകൾ ഉണ്ടായിടത്ത് 2021-ൽ 14 കേസുകൾ മാത്രമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ റാഗിംഗ് വളരെ കുറഞ്ഞെന്ന് അനുമാനിക്കാനാവില്ല. പലപ്പോഴും റാഗിംഗിന് ഇരയാകുന്നവർ സീനിയർ വിദ്യാർത്ഥികളെ ഭയന്ന് പരാതി നൽകാൻ മടിക്കുന്നതിനാലാണ് കേസുകളുടെ എണ്ണം കുറഞ്ഞതായി തോന്നുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെയും മറ്റും അയിത്തം പോലെ പൂർണമായും തുടച്ചുമാറ്റേണ്ട കാട്ടുരീതിയാണ് റാഗിംഗ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ റാഗിംഗ് തടയാനുള്ള മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഈ വിളയാട്ടം അവസാനിക്കും. എന്നാൽ അവരിൽ പലരും അതിന് തയ്യാറാകില്ലെന്ന് മാത്രമല്ല പല ഒത്തുകളികൾക്കും തയ്യാറായി റാഗിംഗ് സംഭവങ്ങൾ മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. റാഗിംഗ് ആവർത്തിക്കാൻ ഇടയാക്കുന്നതും ഇത്തരം മേധാവികളുടെ നിരുത്തരവാദിത്വപരമായ നിലപാടുകൾ കാരണമാണ്. എല്ലാ കോളേജുകളിലും റാഗിംഗ് വിരുദ്ധ സമിതി വേണമെന്ന് യു.ജി.സി നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പാലിക്കാറില്ല. പ്രിൻസിപ്പലും അദ്ധ്യാപകരും ഏറ്റവും അടുത്ത സ്റ്റേഷനിലെ എസ്.എച്ച്.ഒയുമാണ് സമിതിയിലുണ്ടാവേണ്ടത്. മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പരാതികൾ പരിഹരിക്കണമെന്ന നിർദ്ദേശവും നടപ്പായിട്ടില്ല. ഗുരുതരമായ പരാതികൾ പൊലീസിന് കൈമാറണമെന്ന ചട്ടം മറികടക്കാനാണ് റാഗിംഗ് വിരുദ്ധ സമിതികൾ രൂപീകരിക്കാത്തത്. റാഗിംഗ് ഉണ്ടായാൽ വിവരം പൊലീസിൽ അറിയിച്ചില്ലെങ്കിൽ മെഡിക്കൽ കോളേജുകളുടെ അംഗീകാരം പിൻവലിക്കുകയും സീറ്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നടപടികൾ ഭയന്ന് കോളേജിന്റെ നടത്തിപ്പുകാർ തന്നെ റാഗിംഗ് സംഭവങ്ങൾ മൂടിവയ്‌ക്കാൻ മുന്നിൽ നിൽക്കും. തിരുവനന്തപുരത്തെ ഒരു കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം ഉണ്ടായിട്ടുപോലും റാഗിംഗ് വിരുദ്ധ സമിതി രൂപീകരിക്കുന്നില്ലെന്ന് കാണിച്ച് കന്റോൺമെന്റ് സി.ഐ പരാതി നൽകിയിട്ടുണ്ട്. റാഗിംഗ് അവസാനിപ്പിക്കാൻ നിയമം അനുശാസിക്കുന്ന നടപടികൾക്ക് സ്ഥാപന മേധാവികൾ മടിക്കുന്നിടത്തോളം ഈ കിരാത പ്രവൃത്തി ആവർത്തിക്കാനാണ് സാദ്ധ്യത.

Advertisement
Advertisement