കൺസ്യൂമർഫെഡിന് കൂടുതൽ സഹായമെന്ന് മുഖ്യമന്ത്രി: പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് തുറന്നു

Tuesday 22 March 2022 10:05 PM IST
പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പിണറായി :കൺസ്യൂമർ ഫെഡിന്റെ പിണറായി പാണ്ട്യാല മുക്കിലെ ത്രിവേണി മെഗാമാർട്ട് ഔട്ട്‌ലൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.പ്രമുഖ സഹകാരിയും കൺസ്യൂമർഫെഡ് മുൻ ചെയർമാനുമായ വി. കരുണാകരൻ മാസ്റ്ററുടെ സ്മരണാർത്ഥം പ്രവർത്തിച്ച ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റാണ് ആധുനിക സൗകര്യങ്ങളോടെ മെഗാമാർട്ടായി മാറ്റിയത്.

നിത്യോപയോഗ സാധനങ്ങളോടൊപ്പം ഓഫീസ് സ്റ്റേഷനറി, ഹൗസ് ഹോൾഡ് സാധനങ്ങളും ഇറച്ചി, പാൽ, മുട്ട, പച്ചക്കറി എന്നിവയും ഇവിടെ വിലക്കുറവിൽ ലഭിക്കും. ദിനേശ് ഫുഡ്‌സ്, റെയ്ഡ്‌കോ, മാർക്കറ്റ്‌ഫെഡ്, സുഭിക്ഷ, മിൽമ, അമൂൽ, എൻ എം ഡി സി, കോഫി ഹൗസ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ സഹകാരി കോർണറിൽ ലഭിക്കും. കരുണാകരനും ഇംതിയാസിനും നൽകി മുഖ്യമന്ത്രി ആദ്യവിൽപന നിർവഹിച്ചു.
പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ സഹകാരി കോർണർ ഉദഘാടനം നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, വാർഡ് അംഗങ്ങളായ എ.ദീപ്തി, കെ.ജിത, എ.രാജീവൻ, മുൻ എം.പി കെ.കെ. രാഗേഷ്, കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.കെ രാജൻ, കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ വി. രാമകൃഷ്ണൻ, പിണറായി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി.സുമജൻ, തലശ്ശേരി അസി. രജിസ്ട്രാർ എം.കെ.നിഖിൽ, കെ ശശിധരൻ, സി.എൻ.ചന്ദ്രൻ, വി.എ നാരായണൻ, കെ.മുകുന്ദൻ, എൻ.പി.താഹിർ, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ സി.സുരേഷ് ബാബു കൺസ്യൂമർ ഫെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ കൊല്ലോൻ മോഹനൻ എന്നിവർ പങ്കെടുത്തു.

കൂടുതൽ ധനസഹായം പരിഗണനയിൽ :മുഖ്യമന്ത്രി

സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിച്ച കൺസ്യൂമർഫെഡിന് കുടുതൽ സഹായം നൽകുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉത്സവകാലത്ത് ജനങ്ങൾ വലിയതോതിൽ വിലക്കയറ്റത്തിന്റെ ഭീഷണി നേരിടുന്ന കാലങ്ങളിൽ മാർക്കറ്റിൽ ഇടപെട്ട് ഫലപ്രദമായി വില കുറക്കുന്നതിന് കൺസ്യൂമർഫെഡ് പ്രവർത്തനം ഇടയാക്കിയിട്ടുണ്ട്. നേരത്തെ ഭീമമായ നഷ്ടം കൺസ്യൂമർഫെഡിന് ഉണ്ടായിട്ടുണ്ട്. എന്നാൽ, മികവാർന്ന പ്രവർത്തനത്തിലൂടെ അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement