ഹെലി ടൂറിസത്തിന്റെ സാദ്ധ്യതകൾ തേടുമെന്ന് മന്ത്രി റിയാസ്: നവീകരിച്ച പയ്യാമ്പലം ബീച്ച് പാർക്ക് റെഡി

Tuesday 22 March 2022 10:11 PM IST
നവീകരിച്ച പയ്യാമ്പലം ബീച്ച് പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസ് നോക്കി കാണുന്നു. മേയര്‍ ടി .ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എന്നിവര്‍ സമീപം.

കണ്ണൂർ: കേരളത്തിൽ ടൂറിസം വകുപ്പ് ഹെലി ടൂറിസത്തിന്റെ സാധ്യതകൾ തേടുകയാണെന്ന് ടൂറിസംപൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന നവീകരിച്ച പയ്യാമ്പലം ബീച്ച് പാർക്കിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശ സഞ്ചാരികളെ ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലികോപ്ടറിൽ എത്തിക്കാനാണ് ഹെലി ടൂറിസത്തിന്റെ സാദ്ധ്യത പരിശോധിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലക്ക് വലിയ മന്നേറ്റം ഉണ്ടാക്കാൻ കഴിയും. കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് വടക്കേ മലബാറിൽ എത്തുന്നത്. ഈ സ്ഥിതി മാറാൻ വടക്കേ മലബാറിൽ കൂടുതൽ ഹോം സ്റ്റേകൾ ഒരുക്കണം. ബീച്ച് ടൂറിസത്തിന് വലിയ സാദ്ധ്യതയുണ്ട്. അതിനാൽ ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ സർക്കാർ അവിഷ്‌കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ടി .ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. കോർപ്പറേഷൻ കൗൺസിലർ പി.വി. ജയസൂര്യൻ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.സുധാകരൻ, എൻ.ഉഷ, വി.വി.പുരുഷോത്തമൻ, രാകേഷ് മന്ദമ്പേത്ത്, എം.ഉണ്ണികൃഷ്ണൻ, എം. പി. മുരളി, ഡോ. ജോസഫ് തോമസ്, കെ. പി. പ്രശാന്ത്, മഹമ്മൂദ് പറക്കാട്ട്, ഡി. ടി .പി.സി സെക്രട്ടറി ജെ .കെ.ജിജേഷ് കുമാർ, ജില്ലാ അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.പാർക്ക് നവീകരണം ഇംപ്ലിമെന്റിംഗ് ഏജൻസി പ്രതിനിധി അങ്കേഷ് ഭക്ഷി, കൺസൽട്ടന്റ് കെ കെ സജേഷ്, കോൺട്രാക്ടർ സി.ബി.പ്രിയേഷ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.

Advertisement
Advertisement