ബംഗാളിൽ ബോംബാക്രമണം, കൊള്ളിവയ്‌പ്, തൃണമൂൽ നേതാവ് കൊല്ലപ്പെട്ടു, പിന്നാലെ 8 പേരെ ചുട്ടുകൊന്നു

Tuesday 22 March 2022 10:18 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗ്രാമഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അക്രമാസക്തമായ ജനക്കൂട്ടം എട്ട് ഗ്രാമീണരെ ചുട്ടുകൊന്നത് കോളിളക്കമുണ്ടാക്കുന്നു. പതിനൊന്നു പേർ അറസ്റ്റിലായി. ഗ്രാമ ഉപാദ്ധ്യക്ഷന്റെ കൊലപാതകമാണോ അക്രമങ്ങൾക്ക് പിന്നിലെന്ന് വ്യക്തമല്ല.

ബിർഭൂം ജില്ലയിൽ ബാരിഷാൽ ഗ്രാമപഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷൻ ബാദു ഷെയ്‌ക്ക് (38)​ കൊല്ലപ്പെട്ടതാണ് അക്രമപരമ്പരകൾക്ക് തുടക്കമിട്ടത്. തിങ്കളാഴ്‌ച വൈകിട്ട് ബാദു ഷെയ്‌ക്ക് ബൊഗുതി കവലയിൽ നിൽക്കുമ്പോൾ രണ്ട് മോട്ടോർ സൈക്കിളുകളിൽ എത്തിയ നാല് പേർ അദ്ദേഹത്തിന് നേർക്ക് നാടൻ ബോംബുകൾ എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രാംപുർഹാത്ത് സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം രാത്രി ജില്ലയിലെ രാംപുർഹാത്ത് ഗ്രാമത്തിലാണ് പരക്കെ ബോംബാക്രമണങ്ങളും തീവയ്പും നടന്നത്. ജനക്കൂട്ടം നിരവധി വീടുകൾക്ക് തീവച്ചതിലാണ് എട്ട്പേർ കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ ഒരു മൃതദേഹം തിങ്കളാഴ്ച രാത്രി തന്നെ കണ്ടെടുത്തു. കത്തിയമർന്ന ഒരു വീട്ടിൽ നിന്നാണ് ഇന്നലെ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. പൊള്ളലേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാംപുർഹാത്തിലെ ഇൻസ്‌പെക്ടർ ഇൻ ചാ‌ജിനെയും സബ്ഡിവിഷണൽ പൊലീസ് ഓഫീസറെയും സസ്പെൻഡ് ചെയ്‌തു. സംഭവം അന്വേഷിക്കാൻ അഡിഷണൽ പൊലീസ് ഡയറക്ടർ (സി.ഐ.ഡി )​ ജനറൽ ഗ്യാൻവന്ത് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന സർക്കാർ രൂപം നൽകി. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ബംഗാൾ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീം സ്ഥലം സന്ദർശിച്ചു

സംഭവത്തിന് രാഷ്‌ട്രീയ ബന്ധമില്ലെന്നും പ്രാദേശിക പ്രശ്നം മാത്രമാണെന്നുമാണ് തൃണമൂൽ വക്താവ് കുനൽ ഘോഷ് പറഞ്ഞത്.

ബംഗാൾ നിയമസഭയിൽ ഇന്നലെ ബി.ജെ.പി എം.എൽ.എമാർ വിഷയം ഉന്നയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ 40 എം.എൽ.എമാർ നിയമസഭ ബഹിഷ്‌കരിച്ചു. സംഭവത്തിന്റെ പേരിൽ സംസ്ഥാനത്ത് കേന്ദ്രം ഇടപെടണമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിയമവാഴ്ച അവസാനിച്ചെന്നും അക്രമികൾ അഴിഞ്ഞാടുകയാണെന്നും ഗവർണർ ജഗദീപ് ധൻകർ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോസന്ദേശത്തിൽ പറഞ്ഞു. സംഭവത്തെ പറ്റി ഗവർണർ സംസ്ഥാന ചീഫ്സെക്രട്ടറിയോട് റിപ്പോർട്ട് തേടി.

Advertisement
Advertisement