നാളെ ക്ഷയരോഗ ദിനം: ജില്ലയിൽ രോഗികളുടെ എണ്ണവും മരണവും കൂടുന്നു

Wednesday 23 March 2022 12:00 AM IST

തൃശൂർ: ക്ഷയരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ബോധവത്കരണങ്ങളും ചികിത്സകളും തുടരുമ്പോഴും ജില്ലയിലെ ക്ഷയരോഗികളുടെ എണ്ണത്തിലും മരണത്തിലും വർദ്ധന. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 545 പേരാണ് ക്ഷയരോഗം ബാധിച്ച് മരിച്ചത്. ആറായിരത്തിലേറെ പേർക്ക് കഴിഞ്ഞ മൂന്നുവർഷം കൊണ്ട് രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാത്രം 2084 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 177 പേരാണ് മരിച്ചത്. 2020 നേക്കാൾ രോഗികളുടെ എണ്ണവും മരണവും കൂടുതലാണ് കഴിഞ്ഞ വർഷം. കഴിഞ്ഞവർഷം രോഗം ബാധിച്ച് മരിച്ചവരിൽ 20 പേർ 25 നും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ്. കൂടതലും അറുപത് വയസിന് മുകളിൽ ഉള്ളവരിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. കൊവിഡ് കാലമായതിനാൽ രോഗ നിർണയം കഴിഞ്ഞ രണ്ട് വർഷമായി നടത്താൻ സാധിക്കാത്തതിനാൽ ഈ വർഷത്തിൽ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കൂടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ സമയങ്ങളിൽ പരിശോധന നടത്താൻ ശ്രമിക്കാത്തതാണ് രോഗം വർദ്ധിക്കാൻ ഇടയാക്കുന്നത്. ആശാ വർക്കർമാരും മറ്റും വീടുകളിലെത്തി ലക്ഷണുള്ളവരുടെ പട്ടിക തയ്യാറാക്കുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങൾ മറച്ച് പിടിക്കുകയാണ് പലരും ചെയ്യുന്നത്. റിപ്പോർട്ട് ചെയ്യുന്നവയിൽ 90 ശതമനാനം ശ്വാസകോശവുമായി ബന്ധപ്പെട്ടുള്ളതാണ്.

  • ക്ഷയരോഗം ബാധിച്ചവരുടെ എണ്ണവും മരിച്ചവരും

2019- 2497- 193

2020- 2029- 175

2021- 2084- 177

സംസ്ഥാനത്തെ ആകെ രോഗികൾ - 21,993

ചികിത്സ സൗജന്യം

ടി.ബി ചികിത്സ സൗജന്യമാണ്. രോഗബാധിതരായവരുടെ കുടുംബാംഗങ്ങളിൽ രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി പരിശോധനയും നടന്നുവരുന്നു.132 സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. 2025ൽ രോഗം പൂർണമായും തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രവർത്തനങ്ങളെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധികളുണ്ടായെങ്കിലും ആശവർക്കർമാരെയും മറ്റും ഉപയോഗിച്ച് നടത്തിയ ഇടപെടലിലൂടെ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 80 ശതമാനം പേരെയും നിരീക്ഷിക്കാനായി. കൂടിയ ലക്ഷണങ്ങളുള്ളവർക്ക് സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നുണ്ട്.

ക്ഷയരോഗ ദിനാചരണം

ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തിൽ നാളെ ക്ഷയരോഗ ദിനാചരണം സംഘടിപ്പിക്കുമെന്ന് ജില്ലാ ടി.ബി ഓഫീസർ ഡോ. സുജ അലോഷ്യസ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് ടൗൺ ഹാളിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവസ് മാസ്റ്റർ, കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ. പി. സജീവ് കുമാർ, എം.എം. മിനി, മാസ് മീഡിയ ഓഫീസർ ഹരിതാ ദേവി, സോണിയ ജോൺ എന്നിവർ പങ്കെടുത്തു.


ലക്ഷണങ്ങൾ

കഫത്തോടെയുള്ള ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ചുവേദന, ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, പനി

രോഗനിർണയം

ലബോറട്ടറിയിൽ കഫം പരശോധിക്കുക വഴിയാണ് ക്ഷയരോഗം നിർണയിക്കപ്പെടുന്നത്. എന്നാൽ ഇതുവഴി പകുതി കേസുകൾ മാത്രമേ നിർണയിക്കപ്പെടാനാകൂ. മരുന്നുകളോടുള്ള പ്രതരോധം തിരിച്ചറിയാനും ആകില്ല.

Advertisement
Advertisement