സിനിമ നാട്ടുകാർക്കു വേണ്ടി പ്രദർശിപ്പിച്ചപ്പോൾ അളിയന്മാരുടെ ഇഷ്ടക്കേട് ചെറുതായി ഉയർന്നു: 'കൂഴങ്ങൾ'ക്ക് പറയാനുള്ളത്

Wednesday 23 March 2022 10:16 AM IST

കഥ (ജീവിതം) 1

എൽ.പി.സ്കൂളിൽ പഠിക്കുന്ന മകനെ ക്ലാസിൽനിന്നും വിളിച്ചിറക്കിക്കൊണ്ടു പോകുന്ന അച്ഛൻ. അയാളെ ഭയപ്പാടോടെ പിന്തുടരുന്ന മകൻ. 'നിനക്ക് അമ്മയെയാണോ അച്ഛനെയാണോ ഇഷ്ടം?' എന്ന ചോദ്യത്തിന് ആ ബാലൻ ഉത്തരം നൽകുന്നില്ല. പോകുന്ന വഴി ഒരുകുപ്പി മദ്യം വാങ്ങി പകുതി കുടിച്ച് ബാക്കി അരയിൽ തിരുകി അയാൾ നടക്കുമ്പോൾ മണ്ണ് ഞെരിഞ്ഞമരുന്നതു പോലും വല്ലാത്ത അസ്വസ്ഥതയോടെയാണ്. ഭാര്യയുടെ കുടംബവീട്ടിലേക്കാണ് അയാൾ മകനെയും കൂട്ടി പോകുന്നത്. അവിടെയെത്തി എല്ലാവരുമായി തല്ലുണ്ടാക്കി ഇറങ്ങി നടക്കുമ്പോഴും ബാലൻ അയാളെ പിന്തുടരുന്നു. 'ഈ ഭ്രാന്തന്റെ കൂടെയാണോ നീ പോകുന്നത് ' എന്ന് അമ്മൂമ്മ വിലപിക്കുന്നത് അവൻ ശ്രദ്ധിച്ചില്ല. 'നിനക്ക് അമ്മയുമില്ല, അമ്മൂമ്മയുമില്ല, അച്ഛൻ മാത്രമെ ഉള്ളൂ' അയാളുടെ വാക്കുകൾ അവനെ ആകർഷിച്ചതുമില്ല.

തിരികെപ്പോകാനുള്ള ബസ് കാത്തുനിൽക്കെ അവൻ ദൂരേക്ക് ഓടിപ്പോകുന്നു. പിറകെപോയി അയാളവനെ തല്ലുന്നു. അവൻ കരയുന്നതേയില്ല. വേറെ വഴിയില്ലാതെ ഇരുവരും വീട്ടിലേക്ക് നടക്കാൻ തുടങ്ങുന്നു...

കഥ (ജീവിതം) 2

നെയ്ത്തുതൊഴിലാളിയായ ഗൃഹനാഥൻ മരിച്ചതോടെ അനാഥമായത് അമ്മയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം. ഏക ആൺതരി നാലാംക്ലാസിൽ പഠനം നിറുത്തി തിരൂപ്പൂരിലെ തുണിമില്ലിൽ ജോലിക്കുപോയി. പഠിക്കണമെന്ന് തോന്നിയപ്പോൾ പ്രായം 17. ട്യൂട്ടോറിയലിൽ പഠിച്ച് പരീക്ഷയെഴുതുകയേ വഴിയുള്ളൂ. 8,9,10 ക്ലാസുകൾ പ്രൈവറ്റായി പഠിച്ച് പരീക്ഷയെഴുതി. അപ്പോഴേക്കും സിനിമാമോഹം കലശലായി. തുടക്കം സിനിമയുടെ ഡി.വി.ഡി കച്ചവടത്തിലൂടെ. കുറച്ചുകാലം കഴിഞ്ഞ് കാമറ പഠിക്കാൻ പോയി. അതിന് പത്താംക്ലാസിലെ പഠിപ്പ് പോരെന്ന് അറിഞ്ഞപ്പോൾ നാടകം പഠിക്കാൻ പോയി. സിനിമയ്ക്ക് കഥയെഴുതി നിർമ്മാതാക്കളെ അന്വേഷിച്ചിറങ്ങി. ഒടുവിൽ ഒരു സിനിമയെടുക്കുന്നു. ആ സിനിമ ഓസ്കറിന്റെ പടിവാതിൽ വരെയെത്തുന്നു...

ആദ്യത്തെ കഥ തമിഴ്നാട്ടിൽ നിന്നും ആദ്യമായി ഓസ്കാർ എൻട്രി ലഭിച്ച ചിത്രം കൂഴങ്ങളുടേത് (പെബിൾസ്). രണ്ടാമത്തെ കഥ ആ ചിത്രം സംവിധാനം ചെയ്ത പി.എസ്.വിനോദ് രാജിന്റെ ജീവിതം. ആദ്യത്തേതും കഥയല്ല ജീവിതം തന്നെയാണ്. രണ്ടിന്റെയും പശ്ചാത്തലം മധുരയാണ്. പ്രമേയവും അവതരണവും മാത്രമല്ല കാമറ കാണിച്ചുതരുന്ന ദൃശ്യങ്ങൾ പ്രേക്ഷകരിലുണ്ടാക്കുന്ന അമ്പരപ്പ് കൂടിയാണ് 'കൂഴങ്ങൾ' എന്ന സിനിമ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടാൻ കാരണം. ഈ സിനിമ വിനോദ് രാജ് സ്വന്തം ജീവിതത്തിൽ നിന്നും കണ്ടെടുത്തതാണ്.

കൂഴങ്ങളിലെ വേലുവായി എത്തിയ ചെല്ലപാണ്ടി

''എന്റെ സഹോദരി ഒരു ദിവസം രാത്രി കുഞ്ഞുമായി അവളുടെ വീട്ടിൽനിന്നും ഇറങ്ങി നടന്നു. ദൂരെയുള്ള ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾക്കുണ്ടായ ഞെട്ടലും പേടിയും വാക്കുകളിൽ വ്യക്തമാക്കാനാവില്ല. എന്തെല്ലാം അപകട സാദ്ധ്യകളിലൂടെയാണ് അവൾ നടന്നെത്തിയത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തെങ്കിലും ആ സംഭവം എന്നെ ചിന്തിപ്പിച്ചുകൊണ്ടിരുന്നു. ഇതേ സാഹചര്യത്തിൽ കുഞ്ഞുമായി നടന്നുവരുന്നത് ഭർത്താവാണെങ്കിലോ? അ ചിന്തയിൽ നിന്നാണ് ഈ സിനിമയുണ്ടായത്.

സിനിമ കാണുമ്പോൾ ഗണപതി എന്ന അച്ഛൻ കഥാപാത്രത്തോട് പ്രേക്ഷകന് വെറുപ്പു തോന്നാം. പക്ഷേ, അയാൾ വില്ലനല്ല. സാഹചര്യങ്ങളാണ് അയാളെ ഇങ്ങനെയാക്കിയത്. അയാളുടെ മനസിനെ എന്തൊക്കെയാണ് ഭരിക്കുന്നതെന്ന് പറയാൻ വയ്യ. അയാളെ രൂപപ്പെടുത്തിയത് സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകളാകും''- വിനോദ് രാജ് പറഞ്ഞു.

അവ്യക്തമായി 'നിറയുന്ന' അമ്മ

സിനിമയിൽ വേലു എന്ന ബാലന്റെ അമ്മ ഒരു ഷോട്ടിൽ അവ്യക്തമായി മാത്രം വരുന്നതിന് കാരണമുണ്ട്. പുരുഷന്റെ എല്ലാ പീഡനങ്ങളെയും ആ സ്ത്രീ അതിജീവിക്കുന്നുണ്ട്. എന്നാൽ കൂഴങ്ങൾ ഒരു പെണ്ണിന്റെ കഥയല്ല. ഒരു സ്ത്രീയെ സ്ക്രീനിൽ കാട്ടിയാൽ അത് അവരുടെ മാത്രം കഥയാകും. ഏത് സ്ത്രീകൾക്കും ഇതേ അവസ്ഥ വരാം. ഞാൻ റോമേനിയയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ വയസായ ഒരു സ്ത്രീ സിനിമ കണ്ടിട്ട് 'ഇത് എന്റെ കഥയാണ് നീ എങ്ങനെ അത് മനസിലാക്കി ?' എന്നാണ് ചോദിച്ചത്.

ചിത്രീകരണം 32 ദിവസം റിഹേഴ്സൽ ഒരു വർഷം

കേന്ദ്രകഥാപാത്രമാകുന്ന ബാലൻ അതേ ജീവിത സാഹചര്യത്തിൽ നിന്നും വരണമെന്ന് നിർബന്ധമുണ്ടായിരുന്നു. 77 പേരിൽ നിന്നാണ് വേലുവാകൻ ചെല്ലപ്പാണ്ടിയെ തിര‌ഞ്ഞെടുത്തത്. അവന്റെ അച്ഛനായത് കറുത്തടിയാൻ എന്ന നാടക നടനാണ്. ഒരു വർഷത്തോളം സിനിമയുടെ റിഹേഴ്സൽ നടന്നു. ചെല്ലപ്പാണ്ടിയെ കഥാപാത്രമാക്കി മാറ്റാനാണ് റിഹേഴ്സലിൽ ഏറെ സമയമെടുത്തത്. കു‌ഞ്ഞമ്മയുടെ മക്കൾ ഉൾപ്പെടെ എന്റെ അഞ്ച് സഹോദരിമാരും ചിത്രത്തിൽ അഭിനയിച്ചു. അന്ന് രാത്രി മകനുമായി പുറപ്പെട്ട സഹോദരി ലക്ഷ്മിയാണ് വേലുവിന്റെ അമ്മയായി മിന്നിമറ‌ഞ്ഞത്. സിനിമ നാട്ടുകാർക്കു വേണ്ടി പ്രദർശിപ്പിച്ചപ്പോൾ അളിയന്മാരുടെ ഇഷ്ടക്കേട് ചെറുതായി ഉയർന്നു. അത് എനിക്കു നേരെ വന്നില്ല. മധുരയ്ക്കടുത്തുള്ള മേലൂരായിരുന്നു ലൊക്കേഷൻ. അവിടെയെത്തി സീനുകളെല്ലാം പ്ലാൻ ചെയ്തു. തയ്യാറെടുപ്പിന് തന്നെ രണ്ട് വർഷമെടുത്തു. വിഘ്നേഷ് കുമലെ, ജയപ്രതാപൻ എന്നിവരുടെ ഛായാഗ്രഹണ മികവിനെ എല്ലാവരും പുകഴ്ത്തുന്നു.

നയൻതാരയുടെ മനസ് തൊട്ടു

ഷോർട്ട്ഫിലിമുകളിൽ സഹസംവിധായകനായി ജോലി ചെയ്യുന്നതിനിടെയാണ് നാടകം പഠിക്കാനായി പോയത്. മുരുക ഭൂപതി എന്ന സംവിധായകനോടൊപ്പം രണ്ട് നാടകത്തിൽ സഹായിയായി ജോലി ചെയ്തത് എന്റെ കാഴ്ചപ്പാടുകളെയാകെ മാറ്റി. നാടകത്തിന്റെ രചന,അഭിനേതാക്കളെ തിരഞ്ഞടുക്കുന്നത്, സംഭാഷണത്തിലെ ടൈമിംഗ്, ലൈറ്റിംഗ്, മൂഡ് അതെല്ലാം മനസിലാക്കി. പിന്നെ ഒരു കഥയെഴുതി. അത് പലരും നിരസിച്ചു. അങ്ങനെയിരിക്കെയാണ് സഹോദരിയുടെ പ്രശ്നമുണ്ടാകുന്നത്. ആ കഥ സിനിമയാക്കിയാൽ നന്നായിരിക്കുമെന്ന് പറഞ്ഞ് വിഘ്നേശിന്റേയും നയൻതാരയുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് സംവിധായകൻ റാം ആയിരുന്നു.

ഇത്തരമൊരു സിനിമയ്‌ക്ക് കച്ചവടക്കണ്ണോടെയുള്ള നിർമ്മാണം സാദ്ധ്യമല്ല. മുടക്കുമുതൽ തിരിച്ചുവരാൻ ധാരാളം ചലച്ചിത്രമേളകളിലേക്ക് എത്തണം. സ്ക്രിപ്ട് മുഴുവൻ വായിച്ചപ്പോൾ നയൻതാരയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. സിനിമയുടെ പെർഫെക്‌ഷനു വേണ്ടി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നത് നയൻതാരയായിരുന്നു.

ഇന്ത്യയുടെ ഓസ്കാർ എൻട്രി നിശ്ചയിക്കുന്ന ജൂറി ചെയർമാനായിരുന്ന ഷാജി എൻ. കരുൺ സാർ സിനിമ കണ്ടിട്ട് ഏറെ പ്രശംസിച്ചു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഷാജി എൻ. കരുൺ....ഇവരുടെ സിനിമകളിലൂടെയാണ് ‌ഞാൻ സിനിമയെപ്പറ്റി കൂടുതലറിഞ്ഞത്. അമ്പതിലേറെ ചലച്ചിത്രമേളകൾ, റോട്ടർഡാം ഫെസ്റ്റിവലിലെ ടൈഗർ അവാർഡ് ഉൾപ്പെടെ അവാർഡുകൾ.... കൂഴങ്ങൾ മുന്നോട്ടു പോവുകയാണ്... അടുത്ത സിനിമയും ജീവിതവുമായി ബന്ധപ്പെട്ടതു തന്നെ.

സംവിധായകൻ വിനോദ് രാജും കാമറാമാൻ വിഘ്നേശ് കുമുലിയും

Advertisement
Advertisement