ചൈനീസ് വിമാനാപകടം : കത്തിയമർന്ന് അവശിഷ്ടങ്ങൾ, ജീവനോടെ ആരെയും കണ്ടെത്തിയില്ല, തെരച്ചിൽ തുടരുന്നു

Wednesday 23 March 2022 3:49 AM IST

ബീജിംഗ് : തിങ്കളാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് 132 പേരുമായി തകർന്നു വീണ ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനത്തിലെ യാത്രക്കാർക്കായി തെരച്ചിൽ തുടരുന്നു. ആരെയും ജീവനോടെ കണ്ടെത്തിയതായി വിവരമില്ല. അതേ സമയം, മൃതദേഹങ്ങൾ കണ്ടെത്തിയതായുള്ള വിവരങ്ങളും ചൈനീസ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂലമാകുന്നുണ്ട്.

123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കത്തിക്കരിഞ്ഞ നിലയിലുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങളുടെയും യാത്രക്കാരുടെ ബാഗുകളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 01.11 ഓടെ കുൻമിംഗിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചതിരിഞ്ഞ് 3.05 ന് ഗ്വാംഗ്‌ഷൂവിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു.

എന്നാൽ, 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അന്വേഷണം നടക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Advertisement
Advertisement