ഉപരോധങ്ങൾ പുട്ടിന്റെ ലുക്ക് മാറ്റുമോ ?

Wednesday 23 March 2022 3:49 AM IST

മോസ്കോ : യുക്രെയിനിൽ അധിനിവേശം ആരംഭിച്ചത് മുതൽ റഷ്യയ്ക്ക് നേരെ ഉപരോധങ്ങളുടെ പെരുമഴയാണ്. റഷ്യയെ മാത്രമല്ല, പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ' ലുക്കി"നെ പോലും ഈ ഉപരോധങ്ങൾ ബാധിക്കുമെന്നാണ് റിപ്പോർട്ട്. പ്രായം 69 ആയിട്ടും ജൂഡോയിലൂടെയും നീന്തലിലൂടെയും മറ്റും ഫിറ്റ്നസ് നിലനിറുത്താൻ പുട്ടിന് കഴിയുന്നുണ്ട്.

എന്നാൽ, പ്രായാധിക്യത്തെ ചെറുത്ത് മുഖത്തെ ചുളിവുകളെയും മറ്റും അകറ്റി യുവത്വം തുടിക്കുന്ന മുഖം കാത്ത് സൂക്ഷിക്കണമെങ്കിൽ ബോട്ടോക്സ് പോലുള്ള മാർഗങ്ങളാണ് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ അവലംബിക്കുന്നത്. പുട്ടിനും തന്റെ മുഖത്തെ ചുളിവുകളെ അകറ്റാൻ ബോട്ടോക്സ് ഉപയോഗിക്കുന്നുണ്ടെന്ന അഭ്യൂഹം നിലവിലുണ്ട്.

വമ്പൻ മരുന്ന് കമ്പനികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബ്രാൻഡുകൾ റഷ്യയിലെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ഈലൈ ലില്ലി ആൻഡ് കമ്പനി, നൊവാർറ്റിസ്, അബ്‌വീ തുടങ്ങിയ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഇതിൽപ്പെടുന്നു. ഇതിൽ റഷ്യയിൽ ബോട്ടോക്സിന്റെ ഇറക്കുമതി അബ്‌വീ കമ്പനി താത്കാലികമായി നിറുത്തിയിരിക്കുകയാണ്.

ഇതാണ് ഉപരോധങ്ങൾ പുട്ടിനെ നേരിട്ട് ബാധിക്കുമെന്ന തരത്തിലെ റിപ്പോർട്ടുകൾക്ക് കാരണം. പുട്ടിൻ ബോട്ടോക്സ് ഉപയോഗിക്കുമെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ കോസ്മെറ്റിക് വിദഗ്ദ്ധരുടെ അഭിപ്രായം മുൻനിറുത്തി റിപ്പോർട്ട് ചെയ്യുന്നത്.

പ്രായം കൂടും തോറും പുട്ടിന്റെ മുഖം വണ്ണം വയ്ക്കുന്നുണ്ടെന്നും കണ്ണിന് ചുറ്റും ചുളിവുകൾ പ്രത്യക്ഷപ്പെടുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബോട്ടോക്സ് ഇൻജക്‌‌ഷൻ ഉൾപ്പെടെയുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത്. പ്രായം കുറയ്ക്കാൻ പുട്ടിൻ കവിളുകളിൽ പില്ലറുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് മറ്റൊരു അഭ്യൂഹം. അതേ സമയം, ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നുമില്ല.

Advertisement
Advertisement