മൂന്നു സഖ്യകക്ഷികളും കൈവിട്ടു,​ പിടിവിട്ട് ഇമ്രാൻ

Thursday 24 March 2022 12:00 AM IST

ഇസ്ലാമബാദ്: പാകിസ്ഥാനിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് ആസന്നമായിരിക്കെ,​മൂന്ന് പ്രമുഖ സഖ്യകക്ഷികൾ പ്രതിപക്ഷമുന്നണിയിൽ ചേരാൻ തീരുമാനിച്ചത് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടിയായി.

മുത്തഹിദ ഖ്വാമി മൂവ്മെന്റ് - പാകിസ്ഥാൻ ( ഏഴ് എംപിമാർ ),​ പാകിസ്ഥാൻ മുസ്ലീം ലീഗ് - ഖ്വയിദ് ( അഞ്ച് എം. പിമാർ ),​ ബലൂചിസ്ഥാൻ അവാമി പാർട്ടി ( അഞ്ച് എം. പിമാർ ) എന്നീ കക്ഷികളാണ് ഇമ്രാനെ കൈവിട്ടത്. അവിശ്വാസ പ്രമേയം പരിഗണിക്കാൻ പാക് പാർലമെന്റ് നാളെ സമ്മേളിക്കാനിരിക്കെ മൂന്ന് കക്ഷികളും പ്രതിപക്ഷമുന്നണിയിൽ ചേരുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മൂന്ന് കക്ഷികൾക്കും കൂടി 17 എം. പിമാരാണുള്ളത്. ഇമ്രാന്റെ സ്വന്തം പാർട്ടിയായ പി.ടി. ഐയിലെ 24 വിമതർക്കൊപ്പം അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാനാണ് ഇവരുടെ തീരുമാനം.

ഇസ്ലാമബാദിൽ നടക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സമ്മേളനം കഴിഞ്ഞാലുടൻ രാജിവയ്ക്കണമമെന്നാണ് ഇമ്രാന് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഉൾപ്പെടെ നാല് സീനിയർ ജനറൽമാർ മുന്നറിയിപ്പ് നൽകിയിരുന്നത്. സമ്മേളനം ഇന്നലെ സമാപിച്ചിരിക്കെ,​ ഇമ്രാൻ രാജി വയ്ക്കുമോ എന്ന് വ്യക്തമായിട്ടില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു മുമ്പ് രാജിവയ്ക്കണമെന്ന് സൈന്യം വീണ്ടും ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

കൂറുമാറ്റക്കാർക്ക് അയോഗ്യത കൽപ്പിക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയിൽ വ്യക്തത തേടി ഇമ്രാൻ സർക്കാർ സമ‌ർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. അതു മാത്രമാണ് ശേഷിക്കുന്ന പിടിവള്ളി.

Advertisement
Advertisement