സെർവർ തകരാർ: ആധാരം രജിസ്ട്രേഷൻ മുടങ്ങി

Thursday 24 March 2022 12:10 AM IST

ആലപ്പുഴ: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, സെർവർ തകരാർ മൂലം രണ്ടു ദിവസമായി ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ പുതിയ ആധാരങ്ങളുടെ രജിസ്ട്രേഷൻ മുടങ്ങിയത് ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയായി. ബാങ്ക് വായ്പക്ക് ആവശ്യമായ രേഖകൾക്കും ബാദ്ധ്യത സർട്ടിഫിക്കിറ്റിനും ഉൾപ്പെടെയുള്ള അപേക്ഷകളും നൽകാനാകാത്ത സ്ഥിതിയാണ്. രജിസ്ട്രേഷൻ മുടങ്ങിയതോടെ സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് സർക്കാരിന് നഷ്ടമായത്. ഭൂമിയുടെ ന്യായവിലയിൽ പത്ത് ശതമാനം ഏപ്രിൽ ഒന്നുമുതൽ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വന്നതോടെ കുടുംബാധാരങ്ങൾ, ഭാഗപത്രം, ഇഷ്ടദാനം, ഒഴിവുമുറി, ദാനാധാരം, ബിൽപത്രം എന്നീ വിഭാഗത്തിലുള്ള ആധാരങ്ങൾ മാർച്ച് 31ന് മുമ്പ് രജിസ്റ്റർ ചെയ്യാൻ എത്തുന്നവർ കൂടുതലാണ്. സെർവർ തകരാർ മൂലം ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനാകാതെ നിരാശയോടെ മടങ്ങുകയാണിവർ.

സെർവർ ഒന്ന്, ഐ.ഡി രണ്ട്

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ വകുപ്പ് ഒരു സെർവറിൽ രണ്ട് ഐ.ഡിയാണ് തയ്യാറാക്കിയിട്ടുള്ളത്. പേൾ ഒന്ന് സർക്കാർ ഓഫീസുകൾക്കും പേൾ രണ്ട് സ്വകാര്യ വ്യക്തികൾക്കും ഉപയോഗിക്കാം. ആധാരം രജിസ്റ്റർ ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ എഴുത്തുകാർ പേൾ രണ്ടിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ലഭിക്കുന്ന ടോക്കൺ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കും.അപ്‌ലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും ഒരു ഐ.ഡി തകരാറിലായാൽ വീണ്ടും ആദ്യംമുതൽ അപ്‌ലോഡ് ചെയ്യണം. രണ്ട് ഐ.ഡിയും കിട്ടിയാൽ പണം ഒടുക്കുന്നതിനുള്ള ട്രഷറിയുടെ സൈറ്റ് ലഭിച്ചില്ലെങ്കിൽ നടപടികൾ ആദ്യംമുതൽ വീണ്ടും തുടങ്ങണം.

ജില്ലയിൽ

 സബ് രജിസ്ട്രാർ ഓഫീസുകൾ : 20

 ആധാരം എഴുത്തുകാർ: 720

 അനുബന്ധ തൊഴിലാളികൾ: 1500

പ്രതിവർഷം ശരാശരി രജിസ്‌ട്രേഷൻ

(സബ് രജിസ്ട്രാർ ഓഫീസുകളിൽ)

ന്യായവില നിശ്ചയിക്കുന്നതിന് മുമ്പ് : 1000മുതൽ 1500വരെ

നിലവിൽ : 700 മുതൽ 1000 വരെ

സെർവറിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണം. ഭൂമിയുടെ ന്യായവിലയിലെ അപാകത പരിഹരിക്കാത്തതിനാൽ സബ് രജിസ്ട്രാർ ഓഫീസുകളിലെ ആധാരം രജിസ്ട്രേഷനിൽ മുൻകാലത്തെക്കാൾ പ്രതിവർഷം 30ശതമാനം കുറവുണ്ടായിട്ടുണ്ട്

- എം.പി. മധുസൂദനൻ, ജില്ലാ സെക്രട്ടറി, ആധാരമെഴുത്ത് അസോസിയേഷൻ

Advertisement
Advertisement