ഏറ്റുമാനൂർ മുൻ മേൽശാന്തി ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടിക്ക് ദേവസ്വം ബോർഡ്, തീപിടിച്ച് മൂലബിംബത്തിന് കേടുപാടുണ്ടായതും മറച്ചുവച്ചു

Thursday 24 March 2022 3:46 AM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ തിരുവാഭരണം മാറ്റി പകരം മറ്റൊരുമാല വച്ചതിന് മുൻ മേൽശാന്തി കേശവൻ സത്യേഷ്, ദേവസ്വം തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ എന്നിവർക്കെതിരെയും തീപിടിത്തത്തിൽ മൂലബിംബത്തിന് കേടുപാടുണ്ടായത് മറച്ചുവച്ചതിന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെതിരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പുതല നടപടിയെടുക്കും. ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവാഭരണം കാണാതായതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തീപിടിത്തം സംബന്ധിച്ചും വിജിലൻസിന് തെളിവുകൾ ലഭിച്ചത്. 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വച്ചത് കേശവൻ സത്യേഷാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ ക്രിമിനൽ സിവിൽ നടപടികൾക്ക് വിജിലൻസ് ശുപാർശ ചെയ്യും. തിരുവാഭരണങ്ങൾ സംബന്ധിച്ച കണക്കെടുപ്പിൽ വീഴ്ചവരുത്തിയതിനാണ് അജിത് കുമാറിനെതിരെ നടപടി.

തീപിടിത്തം 2021 ജനുവരിയിൽ

മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് 2021 ജനുവരി 17 ന് ശ്രീകോവിലിലുണ്ടായ അഗ്‌നിബാധ സംബന്ധിച്ചും പരിശോധന നടന്നത്. മൂലബിംബത്തിന് സാരമായ കേടുപാടുകൾ ഉണ്ടായതിനു പുറമെ വെള്ളിപ്പീഠം ഉരുകുകയും ചെയ്തു. നെയ്യ്, എണ്ണ, കർപ്പൂരം എന്നിവ ശ്രീകോവിലിനുള്ളിൽ കുട്ടകളിൽ കൂട്ടിവച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായത്. ഇക്കാര്യം ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഉപദേശക സമിതി സെക്രട്ടറിയുടെ അറിവോടെ മറച്ചുവച്ചു. അഗ്‌നിബാധയിൽ പരിഹാരക്രിയകൾ ചെയ്യാതെ അന്നു തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചു. കേടുപറ്റിയ സ്വർണ പ്രഭയിലെ 3 സ്വർണ നാഗപത്തികൾ ബോർഡിനെ അറിയിക്കാതെ വിളക്കിച്ചേർത്തതായും ഉരച്ചുകഴുകിയാണ് മൂലബിംബത്തിലെ മങ്ങൽ മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.

വിജിലൻസ് ശുപാർശകൾ

 വിഗ്രഹത്തിന്റെ അഷ്ടബന്ധത്തിന്റെ ഉറപ്പ് പരിശോധിക്കണം. അഷ്ടമംഗല ദേവപ്രശ്നം നടത്തണം

 അഡ്മിനിസ്ട്രേറ്റിവ് ഓഫീസറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഓഡിറ്റ് ചെയ്യണം

ഉത്സവ, ആട്ടവിശേഷ ആഘോഷങ്ങൾ പൂർണമായും ബോർഡ് ഏറ്റെടുക്കണം

ഉപദേശക സമിതി, അഡ് ഹോക്ക് കമ്മിറ്റി എന്നിവയെ ഒഴിവാക്കണം

 ഉപദേശക സമിതിയുടെ 10 വർഷത്തെ പ്രവർത്തനവും കണക്കുകളും പരിശോധിക്കണം

 നാഗപത്തികൾ അനുമതിയില്ലാതെ വിളക്കിച്ചേർത്തതിനും പടിത്തരത്തിൽ ഇല്ലാത്ത നിവേദ്യങ്ങൾ ഉപദേവൻമാർക്ക് ഏർപ്പെടുത്തിയതിനും മുരാരി ബാബുവിനെതിരെ നടപടിയെടുക്കണം

'' വിജിലൻസ് റിപ്പോർട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്. മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടിയുമുണ്ടാവും

കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്

Advertisement
Advertisement