ഇന്ധന വില വർദ്ധന: രണ്ടാം ദിവസവും പാർലമെന്റിൽ ബഹളം

Thursday 24 March 2022 12:04 AM IST

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലവർദ്ധനവിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും രാജ്യസഭയിലും ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു.

ലോക്‌സഭയിൽ രാവിലെ ചോദ്യോത്തര വേളയ്ക്കിടെ കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ, എൻ.സി.പി എംപിമാർ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. എൽ.പി.ജി വില വർദ്ധന സൂചിപ്പിക്കുന്ന ബാനറുകളും അവർ കൈയിലേന്തിയിരുന്നു.

ചോദ്യം ചോദിക്കാൻ സ്പീക്കർ ഒാം ബിർള പേരെടുത്തുന്ന വിളിച്ച നാഷണൽ കോൺഫറൻസ് അംഗം ഹസ്നൻ മസൂദിയെയും മുസ്ളീംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീറിനെയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ നിരുത്സഹപ്പെടുത്തി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടർന്നതിനെ തുടർന്ന് 12മണിവരെ സഭ നിറുത്തിവച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത് സഭ തടസപ്പെടുത്താൻ വന്നതാണോ എന്ന് സ്പീക്കർ ചോദിക്കുന്നതും കേട്ടു.

പിന്നീട് സമ്മേളിച്ചപ്പോൾ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി സംസാരിക്കാൻ അനുവാദം തേടിയെങ്കിലും തന്റെ വാക്കുകൾ അവഗണിച്ച പ്രതിപക്ഷത്തിന് അവസരമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അതേസമയം രാജ്യസഭ ബഹളത്തെ തുടർന്ന് രണ്ടു തവണ നിറുത്തിവച്ചു. ഇന്ധന വിലവർദ്ധന മറ്റു നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷാംഗങ്ങളുടെ അടിയന്തര പ്രമേയ നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളയതിന് പിന്നാലെയായിരുന്നു ബഹളം.

ലോക്സഭയിൽ ജമ്മുകാശ്മീരിൽ നിന്നുള്ള ഹസ്നൻ മസൂദിക്ക് ചോദ്യം ചോദിക്കാൻ അവസരം നിഷേധിച്ചതിലൂടെ സംസ്ഥാനത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമായെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി.

ഇന്ധനവില കുറയണമെങ്കിൽ തിരഞ്ഞെടുപ്പ് വരണമെന്ന് സുപ്രിയ സുലെ

ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ. രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്തുന്നത് തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ഇന്ധന വില കൂടാതിരിക്കണമെങ്കിൽ എല്ലാ മാസവും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനവിലയും പാചകവാതക വിലയും വീണ്ടും വർധിപ്പിച്ചു തുടങ്ങിയത്. ഗാർഹിക പാചകവാതക വില 50 രൂപയാണ് വർധിപ്പിച്ചത്.

രാജ്യത്തെ ഉപയോഗത്തിന്റെ 85 ശതമാനം ഇന്ധനവും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

Advertisement
Advertisement