ദേശീയപാതവികസനത്തിന് അതിവേഗം : നീലേശ്വരം പൊലീസ് ആപ്പിലാണ്

Thursday 24 March 2022 12:08 AM IST
ദേശീയപാത നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട വാഹനങ്ങൾ

ദേശീയപാതയോരത്ത് കൂട്ടിയിട്ട തൊണ്ടിവാഹനങ്ങൾ എങ്ങോട്ട് നീക്കും

നീലേശ്വരം: ദേശീയപാതാ വികസനത്തിന് വേഗതയേറിയതോടെ കടുത്ത പ്രതിസന്ധിയാലാണ് നീലേശ്വരം പൊലീസ്. തുരുമ്പെടുത്ത് ദ്രവിച്ച് തീരുന്ന നൂറുകണക്കിന് തൊണ്ടിവാഹനങ്ങൾ എങ്ങോട്ട് മാറ്റുമെന്നതാണ് ഇവരുടെ ആശങ്ക. അക്ഷരാർത്ഥത്തിൽ വാഹനങ്ങളുടെ ശവപ്പറമ്പാണിപ്പോൾ നീലേശ്വരം പൊലീസ് സ്റ്റേഷന്റെ മുൻവശം. ചെറുതും വലുതും കേസിൽ അകപ്പെട്ട നൂറിലധികം വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്തും ദേശീയപാതയോരത്തും കൂട്ടിയിട്ടിരിക്കുന്നത്.

ഓരോ കേസിൽ അകപ്പെട്ട വാഹനങ്ങൾ പരിസരത്താകെയായി അലസമായി പാർക്ക് ചെയ്തിരിക്കുകയാണ്.സ്ഥലപരിമിതിയെ തുടർന്ന് സ്റ്റേഷൻ വളപ്പുകളിൽനിന്ന് കേസ് തീർന്ന വാഹനങ്ങൾ ലേലംചെയ്ത് ഒഴിവാക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിൽനിന്ന് വന്നിരുന്നു. 2020 സെപ്റ്റംബറിൽ ജില്ലയിൽ ആദ്യമായി നീലേശ്വരം സ്റ്റേഷനിൽനിന്നാണ് ഇതിന്റെ നടപടി തുടങ്ങിയത്. ഈ കാലത്തിനിടയിൽ മുപ്പതോളം ബൈക്കും മൂന്ന് ലോറികളുമാണ് ലേലംചെയ്തത്. എന്നാൽ അതിന്റെ മൂന്നിരട്ടി വാഹനങ്ങൾ കേസ് കഴിയാത്തതിന്റെ പേരിൽ ഇപ്പോഴും ഇവിടെ കെട്ടിക്കിടപ്പുണ്ട്.

നിവർത്തിയില്ലെങ്കിൽ സ്റ്റേഷൻ വളപ്പിന്റെ അകത്തേക്കുതന്നെ അൻപതോളം വാഹനങ്ങൾ മാറ്റേണ്ടിവരും. ദേശീയപാതയിൽ പൊലീസ് സ്റ്റേഷന്റെ രണ്ട് ഭാഗത്തും കെട്ടിട്ടങ്ങൾ പൊളിച്ച് ഇതിനകം സ്ഥലം നിരപ്പാാക്കിയിട്ടുണ്ട്.

കേസുകൾ തീരുന്നില്ല
ടിച്ചെടുത്ത വാഹനങ്ങളിൽ 90 ശതമാനവും പൂഴിക്കടത്ത് കേസിൽപ്പെട്ടവയാണ്. കേസുകളിൽ തീർപ്പുണ്ടാകാത്തതാണ് പ്രശ്നം. കേസുകൾ നോക്കാൻ എല്ലാ സ്റ്റേഷനുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ മിക്ക വാഹനങ്ങളും തുരുമ്പെടുത്ത് അസ്ഥികൂടമായിട്ടുണ്ട്. കേസ് തീർന്നാലും ഇവ ആരും ലേലത്തിനെടുക്കാനിടയില്ലെന്നതാണ് സ്ഥിതി. മേൽക്കുമേൽ വാഹനങ്ങൾ കുമിഞ്ഞുകൂടിയതോടെ പൊലീസുകാരുടെ പ്രതിവാര പരേഡിന് പോലും ഇവിടെ സ്ഥലമില്ലാതായി. ഇപ്പോൾ ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്.

Advertisement
Advertisement