ഇത്തിരി മധുരം പകർന്ന് ഈ സഹോദരങ്ങൾ.

Friday 25 March 2022 12:00 AM IST

കോട്ടയം. 70 വർഷത്തെ പാരമ്പര്യമുള്ള മധുരമൂറുന്ന ഒരു ചെറുകിട വ്യവസായത്തിന്റെ പിൻമുറക്കാരാണ് ചേർപ്പുങ്കൽ സഹോദരങ്ങൾ. ഫ്രാൻസിസ് ജോസഫ്, ജോസ് ജോസഫ്, ജോർജ് ജോസഫ് എന്നീ സഹോദരങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ചേർപ്പുങ്കൽ ശർക്കര കാലങ്ങളായി ഇന്നാട്ടുകാരുടെ നാവിന് മധുരം പകരുന്നു. ചേർപ്പുങ്കൽ- പാലാ റോഡിലാണ് ഇവരുടെ കൃഷിയിടവും ശർക്കര നിർമ്മാണ കേന്ദ്രവുമെല്ലാം. ഇവരുടെ തന്നെ ഉ‌ടമസ്ഥതയിലുള്ള രണ്ടര ഏക്കറിലാണ് കൃഷി. ഒരുതവണ നടുന്ന തണ്ടിൽ നിന്ന് മൂന്ന് വർഷം വിളവെടുക്കാം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. 500 കിലോ കരിമ്പിൽ നിന്ന് 35 കിലോ ശർക്കര ലഭിക്കും. യന്ത്രച്ചക്കിൽ ആട്ടിയെടുക്കുന്ന കരിമ്പിൻ നീര് മൂന്നര മണിക്കൂർ തീയിൽ വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത്. പാവു മുറുകുമ്പോൾ മരത്തോണിയിലേക്ക് മാറ്റി ചൂടാറുംമുൻപ് ഉരുട്ടിയെടുക്കും. ഇത് ഒരു വർഷം വരെ കേടാകാതിരിക്കും. ശർക്കര ഉണ്ടയും ജീരക ശർക്കരയുമാണ് ഇവിടെയുണ്ടാക്കുന്നത് . സൈറ്റിൽ നേരിട്ടെത്തിയും ബുക്ക് ചെയ്തുമാണ് വിപണനം. കൃഷി ചെയ്ത തോട്ടത്തിലെ കരിമ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. പുറത്തു നിന്ന് തണ്ടെടുക്കാറില്ല.

ഓർഡർ ലഭിക്കുന്നതിന്റെ കാൽഭാഗം മാത്രമേ നിർമ്മിക്കാൻ സാധിക്കുന്നുള്ളൂവെന്ന് ഇവർ പറഞ്ഞു. മുൻ കാലങ്ങളിൽ കരിമ്പടിക്കുന്ന ആട്ട് കല്ലുകളുണ്ടായിരുന്നു. കാളകളെ ഉപയോഗിച്ചാണ് ചക്ക് ആട്ടിയിരുന്നത്. ഇന്ന് മോട്ടോറാണ് ഉപയോഗിക്കുന്നത്. പത്ത് പേർ ജോലി ചെയുന്നുണ്ട് .

സഹോദരങ്ങൾ പറയുന്നു.

മാർക്കറ്റുണ്ടെങ്കിലും തൊഴിലാളികളുടെ കൂലിയും നിർമ്മണവും ചെലവേറിയതാണ്. കരിമ്പു കൂടാതെ മറ്റ് കൃഷികളും ചെയ്യുന്നുണ്ട്. വർഷങ്ങളായി പാരമ്പര്യം കാത്തുസൂക്ഷിച്ചു വരികയാണ്. വരുംതലമുറ ഇത് ഏറ്റെടുക്കുമോയെന്ന് സംശയമാണ്.

Advertisement
Advertisement