അഴീക്കോടന്റെ മണ്ണിലാണ് പാർട്ടി കോൺഗ്രസ്

Thursday 24 March 2022 10:02 PM IST

കണ്ണൂർ:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്താൻ ജീവത്യാഗം ചെയ്ത അഴീക്കോടന്റെ 50 ാം രക്തസാക്ഷിദിനത്തിലേക്കെത്തി നിൽക്കുമ്പോഴാണ് സി പി.എം 23 ാം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി കഴിഞ്ഞ വർഷമാണ് വിട്ട് പിരിഞ്ഞത്.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എെക്യമുന്നണിയുടെ കൺവീനറുമായിരിക്കുമ്പോഴാണ് രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ കുത്തി കൊല്ലപ്പെടുത്തുന്നത്.1972 സെപ്തംബർ 23ന് രാത്രിയായിരുന്നു തൃശൂരിനെ ചോരക്കളമാക്കിയ ആ സംഭവം.

രക്തസാക്ഷിയാകുമ്പോൾ സ്വന്തമെന്ന് പറയാൻ ഒരു വീടു പോലുമില്ലാതെ വാടക വീട്ടിലായിരുന്നു അദ്ദേഹവും കുടുംബവും .എന്നാൽ ജീവിച്ചിരുന്ന കാലത്ത് കള്ളപ്രചാരണങ്ങളും വേട്ടയാടലുകളും നിരന്തരമായി നേരിടേണ്ടി വന്ന ഒരു നേതാവു കൂടിയായിരുന്നു അദ്ദേഹം.അഴീക്കോടനും കുടുംബവും താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നുവെന്ന് ലോകം അറിഞ്ഞത് അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷമാണ്.

തെക്കീബസാറിനടുത്ത് ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചു വളർന്നത്.ഉപജീവനത്തിന് വേണ്ടി വളരെ ചെറിയ പ്രായത്തിൽ തന്നെ ബീഡി തൊഴിലാളിയായി .ഒപ്പം തന്റെ രാഷ്ട്രീയ ആദർശങ്ങളും വളർത്തിയെടുത്തു.ആ കാലയളവിൽ ബീഡിതൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി.

1946ൽ കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി.തുടർന്ന്, പാർട്ടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് 1956ൽ പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാ​റ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മി​റ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശസാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു.

1948ൽ അറസ്​റ്റിലായി ക്രൂരമർദ്ദനത്തിന് വിധേയമായിട്ടുണ്ട് അദ്ദേഹം. 1950, 1962, 1964 വർഷങ്ങളിലും ജയിൽവാസം ഏ​റ്റുവാങ്ങി.1964 ൽ ചൈനാ ചാരനെന്നാരോപിച്ചും ജയിലിലടച്ചു. കേരളത്തിലെ തന്നെ ഏ​റ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂർ കോ–ഓപ്പറേ​റ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.

കത്തുന്ന ആ കത്ത്
എറണാകുളത്ത് പാർട്ടി യോഗത്തിൽ പങ്കെടുത്ത് രാത്രി ഒമ്പതോടെ തൃശൂർ ചെട്ടിയങ്ങാടിയിൽ ബസിറങ്ങി, ചെമ്പോട്ടിൽ ലെയിനിലുള്ള പ്രീമിയർ ലോഡ്ജിലേക്ക് നടക്കുന്നതിനിടയിലാണ് അഴീക്കോടൻ ആക്രമിക്കപ്പെട്ടത്. തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മണിക്കൂറുകൾക്കുള്ളിൽ കേരളമാകെ വാർത്ത പടർന്നു. നേരം പുലരുംമുമ്പ്‌ ഇ.എം.എസ് അടക്കമുള്ള നേതാക്കൾ തൃശൂരിലെത്തി.
സി.പി.എമ്മിൽനിന്നു പുറത്താക്കിയ എ.വി ആര്യന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസിന്റെ സഹായത്തോടെ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന സമയമായിരുന്നു അത്. കേരള കാർഷിക സർവകലാശാലയ്‌ക്കുവേണ്ടി വെള്ളാനിക്കര തട്ടിൽ കുഞ്ഞുവറീതിന്റെ ഉടമസ്ഥതയിലുള്ള തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന കാലം. കെ.കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി.കെ ഗോവിന്ദൻ തൃശൂർ ഡി.സി സി പ്രസിഡന്റായിരുന്ന എം.വി.അബൂബക്കറിന് അയച്ച അഴിമതി വ്യക്തമാക്കുന്ന കത്ത് നവാബ് രാജേന്ദ്രൻ ചോർത്തിയെടുത്തു. തട്ടിൽ എസ്റ്റേറ്റുകാരിൽനിന്ന്‌ പണം വാങ്ങിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആ കത്ത് പ്രസിദ്ധീകരിച്ചാണ്‌ രാജേന്ദ്രന്റെ ‘നവാബ്' വാരികയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്.

Advertisement
Advertisement