രണ്ടാം യോഗി സർക്കാർ ഇന്ന് അധികാരമേൽക്കും

Friday 25 March 2022 12:16 AM IST

ന്യൂഡൽഹി:രണ്ടാം യോഗി ആദിത്യനാഥ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാഥിതിയാണ്. ബി.ജെ.പി നിയമസഭാകക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ലഖ്നൗവിലെ ലോക് ഭവനിൽ നടന്ന എം.എൽ.എ മാരുടെ യോഗത്തിൽ മുതിർന്ന നേതാവ് സുരേഷ് കുമാർ ഖന്ന യോഗി ആദിത്യനാഥിന്റെ പേര് നിർദ്ദേശിച്ചു. ബേബി റാണി മൗര്യ, സൂര്യപ്രതാപ് ഷാഹി എന്നിവർ പിന്തുണച്ചു. അപ്നാ ദൾ നേതാവ് ആശിഷ് പട്ടേലും നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എം.എൽ.എ മാർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. നിയമസഭാകക്ഷിയോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുത്തു.

അടുത്തിടെ പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസിന്റെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. നടൻ അനുപം ഖേർ, സംവിധായകൻ വിവേക് അഗ്നിഹോത്രി തുടങ്ങിയവർ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ, ബി.ജെ.പി മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ദേശീയ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവർക്ക് പുറമെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, ബോണി കപൂർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തും. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ട വേദിയുടെ ഒരുക്കങ്ങൾ ഇന്നലെ രാത്രി വൈകിയും തകൃതിയായി നടക്കുകയാണ്. നരേന്ദ്ര മോദി, ജെ.പി നഡ്ഢ, രാജ്നാഥ് സിംഗ്, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങളുള്ള കൂറ്റൻ ബോർഡ് വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ 20,000 സീറ്റുകൾ ഒരുക്കിയതിന് പുറമെ ഗാലറിയിലെ കസേരകളിലും ചടങ്ങിനെത്തുന്നവർക്ക് ഇരിക്കാം.

Advertisement
Advertisement