ക്ലിഫ്ഹൗസിൽ സുരക്ഷാ പഴുതുകൾ,​ സെക്യൂരിറ്റി ഓഡിറ്റിംഗ് ഉടൻ

Friday 25 March 2022 12:54 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രത്യേക സുരക്ഷാമേഖലയായ ക്ലിഫ്ഹൗസിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതോടെ ഉടൻ സെക്യൂരിറ്റി ഓഡിറ്റ് നടത്തും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ കടന്നുകയറിയ യുവമോർച്ചക്കാർ സിൽവർലൈൻ അതിരടയാളക്കല്ല് സ്ഥാപിച്ചതോടെയാണ് സുരക്ഷാ പഴുതുകൾ അടയ്‌ക്കാനായി സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നത്.

ക്ലിഫ് ഹൗസിനടുത്ത് പ്രതിഷേധമുണ്ടാകുമെന്നായിരുന്നു ഇന്റലിജൻസ് മുന്നറിയിപ്പ്. എന്നാൽ പിൻഭാഗത്ത് കാമറാ നിരീക്ഷണമില്ലാത്ത സ്ഥലം കണ്ടെത്തിയാണ് യുവമോർച്ചക്കാർ കയറിയത്. സമീപത്തെ ഇടറോഡുകളിലൂടെ സ്വകാര്യ വ്യക്തികളുടെ വീടുകൾ വഴി പ്രതിഷേധക്കാർ ക്ലിഫ് ഹൗസ് പരിസരത്തെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കല്ല് കുഴിച്ചിട്ടവർക്കെതിരെ അതിസുരക്ഷാ മേഖലയിൽ അതിക്രമിച്ച് കടന്നതിനും സർക്കാർ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരക്ഷാ ചുമതലയുടെ മേൽനോട്ടമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ക്ലിഫ്ഹൗസിലെ സുരക്ഷാപഴുതുകൾ പ്രതിഷേധക്കാർ മുതലെടുക്കുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ അറസ്​റ്റിന് പിന്നാലെ മുഖ്യമന്ത്റിയുടെ രാജി ആവശ്യപ്പെട്ട് 2020 ഒക്ടോബറിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസുകാർ നോക്കിനിൽക്കെ ക്ലിഫ് ഹൗസിന്റെ പ്രധാന ഗേ​റ്റിന് അടുത്ത് വരെയെത്തി. ഗാർഡ് റൂമിലെ പൊലീസുകാരുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിന്യസിച്ചിരുന്ന പൊലീസുകാരെത്തിയാണ് ഇവരെ അറസ്​റ്റുചെയ്ത് നീക്കിയത്.

സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബൽറാംകുമാർ ഉപാദ്ധ്യായ അന്ന് രാത്രി ക്ലിഫ് ഹൗസിലെത്തി വീഴ്ചയുടെ കാരണം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്റി കാണാൻ കൂട്ടാക്കിയില്ല. പിറ്റേന്ന് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ക്ലിഫ് ഹൗസിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും കടുത്ത അതൃപ്‌തി മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ സുരക്ഷാചുമതലുണ്ടായിരുന്ന മ്യൂസിയം സി.ഐ അടക്കമുള്ളവരെ സ്ഥലംമാ​റ്റി. 5 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

അതീവ സുരക്ഷാമേഖല

ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ അതീവ സുരക്ഷാ മേഖലയാണ്. പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം ഇവിടങ്ങളിൽ ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. നന്ദൻകോട് ജംഗ്ഷനപ്പുറം പ്രകടനം, പ്രതിഷേധം എന്നിവ പാടില്ല. 100 മീറ്ററിൽ ഉച്ചഭാഷിണിയും 500മീറ്ററിൽ ഡ്രോണും പാടില്ല. നാലുചുറ്റുമുള്ള റോഡുകളിൽ സ്‌പീഡ് ബ്രേക്കറുകളുണ്ടാക്കി. വൈ.എം.ആർ - ദേവസ്വം ബോർഡ് റോഡിലും നിയന്ത്രണമുണ്ട്. മാർച്ചുകൾ, പ്രകടനങ്ങൾ, ധർണകളടക്കം പ്രക്ഷോഭങ്ങൾക്ക് നിരോധനമുണ്ട്.

കടുത്ത നിയന്ത്രണങ്ങൾ

1) എല്ലാത്തരം ഒത്തുകൂടലുകളും വഴിതടയലും പ്രതിഷേധങ്ങളും

അനധികൃത പൊതുപരിപാടികളും പാടില്ല

2) പൊലീസിനൊഴികെ തോക്ക്, മാരകായുധങ്ങൾ എന്നിവ കൈവശം വയ്ക്കാനാവില്ല

3) ലൈസൻസുള്ള തോക്ക് കരുതിയാലും അക്രമം

ലക്ഷ്യമിട്ടാണെന്ന് കണക്കാക്കി നടപടിയെടുക്കും

4)പ്രദേശത്തൊരിടത്തും വെടിക്കെട്ട്, കരിമരുന്ന് പ്രയോഗം എന്നിവ പാടില്ല

Advertisement
Advertisement