സുധിയുടെ ചുവന്ന സ്‌പ്ളെൻഡ‌ർ ഇനി ചാക്കോച്ചന് സ്വന്തം; 25 വർഷങ്ങൾക്ക് ശേഷം തേടി കണ്ടെത്തിയത് എങ്ങനെയെന്ന് താരം പറയുന്നു

Friday 25 March 2022 3:14 PM IST

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയുടെ ചോക്ളേറ്റ് നായകനായി രംഗപ്രവേശം ചെയ്യുന്നത്. ചാക്കോച്ചനൊപ്പം മറ്റ് രണ്ട് താരോദങ്ങളും അതേ സമയം ഉണ്ടായി. മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശാലിനിയും ഒരു ഹോണ്ട സ്‌പ്ളെൻഡർ ബൈക്കും. കാൽ നൂറ്റാണ്ടിന് ശേഷം തന്റെ ആദ്യ സിനിമയിലെ സന്തതസഹചാരിയെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.

ഫാസിൽ സംവിധാനം ചെയ്ത് അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ചുവന്ന സ്‌പ്ളെൻഡർ ഓടിച്ചുകൊണ്ടായിരുന്നു ചാക്കോച്ചൻ മലയാളി ഹൃദയങ്ങളിലേക്ക് കടന്നുവന്നത്. പിന്നീടങ്ങോട്ട് യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചാക്കോച്ചനും സ്‌പ്ളെൻഡർ ബൈക്കും. 1997 മാർച്ച് 26നായിരുന്നു അനിയത്തിപ്രാവ് തിയേറ്ററുകളിൽ എത്തിയത്. സിനിമയിറങ്ങി കൃത്യം കാൽനൂറ്റാണ്ടിനിപ്പുറം സുധിയുടെ പ്രിയപ്പെട്ട ബൈക്ക് സ്വന്തമാക്കാനായതിന്റെ ത്രില്ലിലാണ് ചാക്കോച്ചൻ.

25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ളെൻഡർ ബൈക്ക് സുധിയുടെ കൈവശം എത്തിയിരിക്കുകയാണ്. ആലപ്പുഴയിലെ ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ബോണിയുടെ കൈവശം ആ ബൈക്കുണ്ടെന്ന് ഒരുപാട് നാളത്തെ അന്വേഷണത്തിനൊടുവിലാണ് അറിഞ്ഞത്. ഇത്രയും കാലം വളരെ നല്ല രീതിയിൽ തന്നെ അദ്ദേഹം മെയിന്റൈൻ ചെയ്തുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കാസർകോഡ് സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് കുഞ്ചാക്കോ ബോബനിപ്പോൾ. കഴിഞ്ഞ ദിവസമാണ് സ്‌പ്ളെൻഡർ ബൈക്ക് ചാക്കോച്ചന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത്. തിരിച്ചെത്തിയാലുടൻ തന്റെ പഴയ കൂട്ടുകാരനോടൊപ്പം കറങ്ങണമെന്ന് ചാക്കോച്ചൻ പറയുന്നു.

Advertisement
Advertisement