ബിർഭും : അന്വേഷണം സിബിഐയ്ക്ക് കൈമാറും

Saturday 26 March 2022 12:12 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും കൂട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥന കോടതി തള്ളി. കേസിൽ അടുത്ത വാദം കേൾക്കുന്ന ഏപ്രിൽ ഏഴിന്, അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും സി.ബി.ഐക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്‌ച സ്ഥലം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനജി കലാപബാധിതർക്ക് നീതിയും സാമ്പത്തിക സഹായവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, കേസ് ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാരുൽ ഹുസൈനാണ് വീടുകൾക്ക് തീയിടാൻ ആഹ്വാനം നൽകിയതെന്ന പ്രദേശവാസികളുടെ ആരോപണം ഉയർന്നതോടെ ഹുസൈനെ അറസ്റ്റ് ചെയ്യാൻ മമത ഡി.ജി.പിയോട് ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് തിരിച്ചടിയെന്നോണം നടത്തിയ കൂട്ടക്കൊലയിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Advertisement
Advertisement