പുത്തൻ പ്രതീക്ഷയിൽ കുഴിക്കാല കോളനി

Saturday 26 March 2022 12:46 AM IST

കുട്ടനാട് : അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ സർക്കാർ ധനസഹായമായി അനുവദിച്ചതോടെ, തങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വേഴപ്ര കുഴിക്കാല കോളനി നിവാസികൾ. വീടുകളുടെ അറ്റകുറ്റപ്പണി, സോളാർ സംവിധാനം, കോളനിക്ക് ചുറ്റും കല്ലുകെട്ടൽ, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായാണ് തുക വിനിയോഗിക്കുക.വെളിയനാട് ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

മഴക്കാലമായാൽ മുട്ടറ്റം വരെ ജലനിരപ്പ് ഉയരുകയും മിക്ക വീടുകളിലും വെള്ളം കയറുകയും ചെയ്യുന്നതിനാൽ വർഷങ്ങളായി ദുരിതം അനുഭവിച്ചു വരികയായിരുന്നു കോളനി നിവാസികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളായിരുന്നു വെള്ളപ്പൊക്ക കാലത്ത് ഇവർക്ക് ആശ്രയം. വെള്ളമിറങ്ങിയ ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. ഇത് കണക്കിലെടുത്താണ് ഇക്കുറി കോളനിയിലെ വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപ അനുവദിച്ചത്. കുടിവെള്ളമുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികൾ. പട്ടിക ജാതി വിഭാഗങ്ങൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന രാമങ്കരി പഞ്ചായത്തിലെ പ്രധാന കോളനി കൂടിയാണിത്.

കോളനിയിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും അപേക്ഷ നൽകിയിരുന്നെങ്കിലും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. ഇക്കുറി അതിന് മാറ്റം വന്നു. എത്രയും വേഗം പദ്ധതി ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കും

-എം.വി.വിശ്വംഭരൻ, പ്രസിഡന്റ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്

Advertisement
Advertisement