ബി.പി.സി.എല്ലിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

Saturday 26 March 2022 1:02 AM IST

കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊച്ചി അമ്പലമുകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (ബി.പി.സി.എൽ) തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. പൊതു പണിമുടക്കിനെത്തുടർന്ന് ബി.പി.സി.എല്ലിന്റെ ഇരുമ്പനത്തെ പ്ളാന്റിന്റെ പ്രവർത്തനം തടസപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ടെറിട്ടറി മാനേജർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.

മാർച്ച് 28ന് രാവിലെ ഏഴു മുതൽ മാർച്ച് 30ന് രാവിലെവരെ പണി മുടക്കുമെന്നാണ് യൂണിയനുകൾ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നത്. ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് ഇടക്കാല ഉത്തരവിലെ നിർദ്ദേശം. അവശ്യമേഖലയിലെ ഇന്ധനവിതരണം പൊതുപണിമുടക്കുകാരണം തടസപ്പെടുമെന്ന് ബി.പി.സി.എൽ വാദിച്ചു. ഹർജിക്കാരുടെ ഈ ആശങ്ക കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ അഞ്ച് യൂണിയനുകളാണ് പണിമുടക്കിന് നോട്ടീസ് നൽകിയത്.

Advertisement
Advertisement