യാത്രാ ദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം

Sunday 27 March 2022 12:38 AM IST

കോളടിച്ച് കെ എസ് ആർ ടി സി.

കോട്ടയം . സ്വകാര്യ ബസ് സമരം തുടരാൻ തീരുമാനിച്ചതോടെ ജനങ്ങളുടെ യാത്രാദുരിതം വർദ്ധിച്ചു. സമാന്തര സർവീസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകൾ കൈയടക്കി. വരുമാനം വർദ്ധിച്ചെങ്കിലും ബസുകളും ജീവനക്കാരുമില്ലാതെ ചക്രശ്വാസം വലിക്കുകയാണ് കെ എസ് ആർ ടി സി. പതിവ് യാത്രക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ വൈകിയാണ് എത്തുന്നത്. റൂറൽ മേഖലകളിലാണ് ഏറെ ബുദ്ധിമുട്ട്. കെ എസ് ആർ ടി സി കോട്ടയം, വൈക്കം, പൊൻകുന്നം, എരുമേലി, ഈരാറ്റുപേട്ട, പാലാ മേഖലകളിൽ അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും വൻ തിരക്കാണ് ബസുകളിൽ അനുഭവപ്പെടുന്നത്. ഏറെനേരം കാത്തു നിന്ന ശേഷമാണ് പലർക്കും ബസിൽ കയറാൻ പറ്റുന്നത്. സ്വകാര്യ ബസുകളുടെ കോട്ടയം എറണാകുളം സർവീസ് മുടങ്ങിയത് ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. അന്യജില്ലകളിൽ ജോലിക്ക് പോകുന്നവർ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മലയോരത്ത് ഉൾപ്പെടെ ഓട്ടോറിക്ഷകളും ജീപ്പുകളും സമാന്തര സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസമായി.

വരുമാനം കുതിക്കുന്നു.

മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ കെ എസ് ആർ ടി സിയുടെ വരുമാനം കുതിച്ചു. ഇരട്ടിയോളം വരുമാനമുണ്ടാക്കിയ ഡിപ്പോകളുമുണ്ട്. എല്ലാ ഡിപ്പോകളിലും അധിക സർവീസും ആരംഭിച്ചിട്ടുണ്ടെങ്കിലും എന്നാൽ ആവശ്യത്തിന് സർവീസ് നടത്താൻ ഇപ്പോഴും കഴിയുന്നില്ല. ജില്ലയിലെ മൊത്തം ഡിപ്പോകളുടെ വരുമാനത്തിൽ പ്രതിദനം പതിനൊന്ന് ലക്ഷം രൂപയുടെ വർദ്ധനവുണ്ട്.

ശരാശരി കളക്ഷൻ വർദ്ധനവിങ്ങനെ.

കോട്ടയം 3ലക്ഷം

ചങ്ങനാശേരി 3.50 ലക്ഷം

പാലാ 5 ലക്ഷം

വൈക്കം 3.50 ലക്ഷം

പൊൻകുന്നം 1ലക്ഷം

ഈരാറ്റുപേട്ട 3

എരുമേലി 2 ലക്ഷം

'' എല്ലാ റൂട്ടുകളിലും എത്തിപ്പെടാൻ പറ്റുന്നില്ല. ജീവനക്കാരുടേയും ബസുകളുടേയും കുറവാണ് കാരണം. പരമാവധി സർവീസ് നടത്താൻ ശ്രമിക്കുന്നുണ്ട്'' ഡി.ടി.ഒ, കോട്ടയം

'' നിവൃത്തികേടിന്റെ അങ്ങേയറ്റം കൊണ്ടാണ് സമരം ചെയ്യുന്നത്. ഇപ്പോഴും ജോലിക്കാർക്ക് പകുതി ശമ്പളമാണ് കൊടുക്കുന്നത്'' കെ.എസ്.സുരേഷ്. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി

Advertisement
Advertisement