ചടയൻ ഗോവിന്ദനെക്കുറിച്ച് മകന് പറയാനുണ്ട്: അച്ഛൻ ഒരു പാഠപുസ്തകം..

Saturday 26 March 2022 10:28 PM IST

കണ്ണൂർ : 'വീട്ടിൽ എത്തിയാൽ പാർട്ടി കാര്യങ്ങളൊന്നും അച്ഛൻ ഞങ്ങളോട് പറയാറില്ല. രാവിലെ ഇറങ്ങി രാത്രി വൈകി എത്തുന്ന രീതിയൊന്നും അച്ഛനില്ലായിരുന്നു. വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്.

അച്ഛൻ വീട്ടിലെത്താൻ ആകാംക്ഷയോടെയാണ് ഞങ്ങൾ കാത്തിരുന്നത്. അച്ഛനെ അടുത്ത് കാണുന്നത് പോലും അപൂർവ്വം. അതുകൊണ്ട് തന്നെ പാർട്ടി കോൺഗ്രസ് പോലുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കാനായി അച്ഛൻ പോകുമ്പോഴാണ് ഞങ്ങൾ അറിയാറുള്ളത്. അതേ കുറിച്ച് മുൻകൂട്ടി പറയാനോ ഞങ്ങളെയൊക്കെ ഒപ്പം കൂട്ടി എവിടെയെങ്കിലും പോകുന്നതും അച്ഛന് ഇഷ്ടമല്ല. അച്ഛന് ഇഷ്ടമല്ലാത്ത കാര്യത്തിൽ ഞങ്ങളാരും നിർബന്ധിക്കാറുമില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് ജലന്ധറിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ ഏറെ നിർബന്ധിച്ചപ്പോൾ അച്ഛൻ അമ്മയെയും കൂട്ടി പോയിരുന്നു. അച്ഛന് അച്ഛന്റെ വഴി. ആ വഴിയിൽ ഞങ്ങളാരും ഉണ്ടായിരുന്നില്ല"-പറയുന്നത് കണ്ണൂർ കമ്പിൽ സ്വദേശിയും സി.പി. എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ ചടയൻ ഗോവിന്ദന്റെ മകൻ ചടയൻ രാജൻ.

അച്ഛൻ ഞങ്ങൾക്ക് ഒരു പാഠപുസ്തകമാണ്. എത്ര പഠിച്ചാലും അത്ര ബാക്കിയാവുന്ന പാഠപുസ്തകം. ദാരിദ്ര്യത്തിന്റെ കൂടെ എങ്ങനെ ജീവിക്കാമെന്നാണ് അച്ഛൻ പഠിപ്പിച്ചത്. അതിജീവനത്തിനായി മറ്റു മാർഗങ്ങൾ തേടാൻ അച്ഛൻ പോയിരുന്നില്ല. കഷ്ടപ്പാടുകളും ദുരിതങ്ങളുമുണ്ടാകുമ്പോൾ അവയ്ക്കൊപ്പം എങ്ങനെ ജീവിക്കാൻ കഴിയുമെന്ന പ്രത്യയശാസ്ത്രമാണ് അച്ഛൻ മുറുകെ പിടിച്ചിരുന്നത്.

തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ ഇല്ലാതാക്കുന്നതിനുമായി സ്വന്തം ജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായി അറിയപ്പെടാനാണ് അച്ഛൻ എന്നും ആഗ്രഹിച്ചിരുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ ആരെയെങ്കിലും സ്വാധീനിച്ച് എന്തെങ്കിലും നേടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്നും ചടയന്റെ മകനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുമ്പോൾ കിട്ടുന്ന അളവറ്റ സ്നേഹവും ആദരവുമാണ് മക്കളായ ഞങ്ങളുടെ വിലപ്പെട്ട സമ്പാദ്യം.

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അച്ഛനെ വളരെ ചെറുപ്പത്തിലേ തൊഴിൽ കണ്ടെത്താൻ നിർബന്ധിതനാക്കിയെന്നു വേണം കരുതാൻ. ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളിൽ അച്ഛൻ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കാനും അച്ഛന് കഴിഞ്ഞു.ജീവിതാവസ്ഥകളും അന്നത്തെ സാമൂഹ്യസാഹചര്യങ്ങളും അച്ഛനെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വിപ്ലവകരമായ ആശയങ്ങളിൽ ആകൃഷ്ടനാക്കുകയായിരുന്നു.- രാജൻ പറഞ്ഞു.

1948ൽ പതിനേഴാമത്തെ വയസ്സിലാണ് അച്ഛൻ പാർട്ടി സെല്ലിൽ അംഗമായത് . തുടർന്ന് സമരതീക്ഷ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റിനെ രാകിമിനുക്കി മൂർച്ചയേറ്റുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് അച്ഛന് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ അധികം താമസിയാതെയെത്താൻ കഴിഞ്ഞത്. ഇക്കാലയളവിൽ കൊടിയ മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും അച്ഛൻ ഇരയായതായി കേട്ടിട്ടുണ്ടെന്നും രാജൻ പറഞ്ഞു. അവസാനകാലത്ത് അച്ഛന്റെ ജീവചരിത്രം എഴുതാനായി പലരും സമീപിച്ചുവെങ്കിലും സ്നേഹത്തോടെ വേണ്ടെന്ന് പറഞ്ഞ് അവരെയൊക്കെ തിരിച്ചയക്കുകയായിരുന്നു. ജീവചരിത്രം പുറത്തിറക്കി വീരപരിവേഷം നേടാനൊന്നും അച്ഛന് ഇഷ്ടമില്ലായിരുന്നു- രാജൻ പറഞ്ഞു. മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച രാജൻ പുഴാതിയിലാണ് താമസം.

ലാളിത്യം കൊടിയടയാളം
നാറാത്ത് പഞ്ചായത്തിലെ കമ്പിൽ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931ലാണ് ചടയൻ ജനിച്ചത്. പാർട്ടി പിളർന്നപ്പോൾ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. 1996മുതൽ 1998 സെപ്തംബർ 9ന് മരണം വരെ സംസ്ഥാനസെക്രട്ടറിയായി പാർട്ടിയെ നയിച്ചു .
പ്രതിസന്ധികളിൽ ആത്മധൈര്യവും രാഷ്ട്രീയ നൈതികതയും കൈവിടാത്ത അസാമാന്യമായ നേതൃപാടവവും സംഘാടകമികവുമായിരുന്നു ചടയന്റെ കൈമുതൽ. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ സവിശേഷതയായിരുന്നു.

ഇരിക്കൂർ ഫർക്കയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പ്രാഥമികവിദ്യാഭ്യാസം മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും സാമൂഹ്യപ്രശ്‌നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യശാസ്ത്രജ്ഞനായി അദ്ദേഹം മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റ്ചര്യയിലൂടെയാണ്. നിരവധി തവണ പൊലീസ് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട് ചടയന് .ദേവകിയാണ് ഭാര്യ. രാജന് പുറമെ സുരേന്ദ്രൻ, അബുദാബി എയർപോർട്ട് ഉദ്യോഗസ്ഥനായ സത്യൻ, സുഭാഷ് എന്നിവരും മക്കളാണ്.

Advertisement
Advertisement