ബിർഭും; 21 പേരെ ഉൾപ്പെടുത്തി സിബിഐയുടെ എഫ്ഐആർ

Sunday 27 March 2022 1:42 AM IST

കൊല്‍ക്കത്ത: ബിർഭും കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന 21 പേരെ ഉൾപ്പെടുത്തി സി.ബി.ഐയുടെ എഫ്.ഐ.ആർ. അന്വേഷണവുമായി ബന്ധപ്പെട്ട് ബിർഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തിലെത്തിയ 20 പേരടങ്ങിയ സി.ബി.ഐ സംഘം തെളിവുകൾ ശേഖരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ബാദു ഷെയ്‌ക്കിന്റെ കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിരീക്ഷണം. ബാദു ഷെയ്‌ക്കിന്റെ അനുയായികളും ബന്ധുക്കളും പ്രദേശത്തെ പത്തോളം വീടുകൾ പുറമെ നിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു. 70-80 പേരുൾപ്പെടുന്ന അക്രമികൾ ഉള്ളിലുള്ളവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് തീ വച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഏപ്രിൽ 7 നകം അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് സി.ബി.ഐ. സംഘം രാംപുർഹട്ട് പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും ശേഖരിച്ചു. മാർച്ച് 21 നാണ് ബിർഭുമിൽ അക്രമികൾ സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ 8 പേരെ ചുട്ടുകൊന്നത്. കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement
Advertisement