ചൈനീസ് പ്രതിനിധിയുടെ വരവും ഇന്ത്യയും

Sunday 27 March 2022 12:00 AM IST

രണ്ടുവർഷം മുമ്പ് ലഡാക്ക് അതിർത്തിയിൽ ഇന്ത്യാ - ചൈന സംഘർഷം ഉടലെടുത്തതിനു ശേഷം ആദ്യമായി ചൈനയുടെ ഒരു ഉയർന്ന പ്രതിനിധി ഇന്ത്യയിലെത്തിയ സന്ദർഭം പ്രത്യേകതകൾ നിറഞ്ഞതാണ്. ആരും പ്രതീക്ഷിച്ചതു പോലെയല്ല റഷ്യൻ - യുക്രെയിൻ യുദ്ധം നീളുന്നത്. പല കാരണങ്ങളാൽ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടാൻ ഇതിടയാക്കി. അമേരിക്കയുമായും നല്ല ബന്ധം തുടരാൻ യുക്രെയിൻ യുദ്ധം ഇന്ത്യയ്‌ക്ക് തടസമായതുമില്ല. ലോകതലത്തിൽ ഇന്ത്യയുടെ വിദേശനയത്തിന്റെ വിജയം ഉയർത്തിപ്പിടിക്കാനാണിത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ചൈനയ്ക്ക് കാണാതിരിക്കാനാവില്ല. അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും മേധാവിത്വത്തിനെതിരെ പുതിയൊരു സഖ്യത്തിന് പ്രബലരായ ഇന്ത്യയെ ഒപ്പം നിറുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യാ സന്ദർശനത്തിനെത്തിയത്. എന്നാൽ ഇന്ത്യ അമിതമായ സൗഹൃദ പ്രകടനത്തിന് മുതിർന്നില്ലെന്ന് മാത്രമല്ല അതിർത്തി ശാന്തമാകാതെ ബന്ധം നന്നാവില്ലെന്ന് ചൈനയോട് തുറന്നുപറയുകയും ചെയ്തു. ലഡാക്കിൽ ഇരുരാജ്യങ്ങളുടേതുമായി ഒരുലക്ഷത്തോളം സൈനികർ ഇപ്പോഴും മുഖാമുഖം യുദ്ധസജ്ജരായി നിലകൊള്ളുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖയിലെ യാഥാർത്ഥ്യം ഇതായിരിക്കെ അതു മറന്നുകൊണ്ടുള്ള ഭായി ഭായി വിളിയിൽ കാര്യമില്ലെന്നാണ് ഇന്ത്യ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യമന്ത്രി ഒരു മണിക്കൂർ ചർച്ച നടത്തിയിരുന്നു. സംയുക്ത പ്രസ്താവന നടത്താൻ ഇന്ത്യ തയ്യാറാകാത്തതിൽ നിന്ന് അതിർത്തിയിലെ സംഘർഷം ദൂരികരിക്കാൻ ചൈനയുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ യാതൊരു നിർദ്ദേശവും ഉണ്ടായില്ലെന്ന് വ്യക്തമാണ്. അതിർത്തിയിലെ നില ശാന്തമായാൽ ചൈനയുമായി സാധാരണ നിലയിലുള്ള ഉഭയകക്ഷി ബന്ധം തുടരുന്നതിൽ ഇന്ത്യയ്ക്ക് തടസമില്ലെന്നു വെളിപ്പെടുത്താനുമായി. കൊവിഡിനെ തുടർന്ന് ചൈനയിൽ പഠനം മുടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച പ്രശ്നം വിദേശകാര്യമന്ത്രി ജയശങ്കർ ചൈനീസ് പ്രതിനിധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഉചിതമായി. ഇത്തരം വിദ്യാർത്ഥികളിൽ എൺപതു ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്.

യുദ്ധത്തിന്റെ പേരിലായാലും ലാഭത്തിനാണ് ചൈന എന്നും മുൻതൂക്കം നൽകുന്നത്. എന്നാൽ ഇന്ത്യയുമായുള്ള സംഘർഷം ലാഭത്തിലേക്ക് നീങ്ങുന്നില്ലെന്ന് മാത്രമല്ല ഭാവിയിൽ വ്യാപാരനഷ്ടത്തിനിടയാക്കുമെന്ന തിരിച്ചറിവ് ഇപ്പോൾ ചൈനയ്‌ക്കുണ്ട്. ചൈനയിൽ നിന്നുള്ള വിവിധ വസ്‌തുക്കളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2007-ൽ 9.4 ശതമാനം ആയിരുന്നത് 2021-ൽ 16.6 ശതമാനമായി ഉയർന്നിട്ടുണ്ട്. സ്‌മാർട്ട് ഫോണുകൾ, ടെലികോം ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ, മരുന്നിന്റെ അസംസ്‌കൃത വസ്തുക്കൾ, രാസവസ്തുക്കൾ, പ്ളാസ്‌റ്റിക്, ആട്ടോമൊബൈലുകൾ തുടങ്ങിയവ ഇന്ത്യ വൻതോതിൽ ചൈനയിൽ നിന്ന് വാങ്ങുന്നുണ്ട്. സംഘർഷം തുടരുമ്പോൾ ഇവയുടെ ഇറക്കുമതിയിൽ കുറവ് വരിക സ്വാഭാവികമാണ്. ഒപ്പം ഇത്തരം സാധനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമ്മിക്കാനുള്ള വലിയ പദ്ധതികൾ മുന്നോട്ട് പോവുകയും ചെയ്യുന്നു.

നതതന്ത്ര തലത്തിലാകട്ടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായതിനൊപ്പം അമേരിക്ക, ഇസ്രായേൽ, ഫ്രാൻസ്, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ മികച്ച സൗഹൃദബന്ധം തുടരുകയും ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയം കൂടിയാണിത്. ഇനി ചൈനയുടെ ഭാഗത്തുനിന്നാണ് നീക്കം ഉണ്ടാകേണ്ടത്. അതിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Advertisement
Advertisement