എൽ.ഡി.സി പരീക്ഷ കഴിഞ്ഞ് ഒരു വർഷം : മുഹൂർത്തം കാത്ത് ചുരുക്കപ്പട്ടിക

Sunday 27 March 2022 12:10 AM IST

കണ്ണൂർ:പരീക്ഷ വി‌ജ്ഞാപനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും എൽ.ഡി.സി പരീക്ഷയുടെ മുഖ്യ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിൽ. മുഖ്യപരീക്ഷ കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. ഒരു വർഷം മുമ്പാണ് എൽ.ഡി.സിയുടെ പ്രാഥമിക പരീക്ഷ നടത്തിയത്.

ജില്ലയിൽ പതിനാലായിരം ഉദ്യോഗാർത്ഥികളാണ് മുഖ്യപരീക്ഷയെഴുതി ഫലപ്രഖ്യാപനവും കാത്തിരിക്കുന്നത്.സംസ്ഥാനത്ത് രണ്ടേകാൽ ലക്ഷം ഉദ്യോഗാർത്ഥികൾ മുഖ്യപരീക്ഷയെഴുതിയിട്ടുണ്ട്.മാർച്ചിൽ ഷോർട്ട് ലിസ്റ്റും മേയിൽ മെയിൻലിസ്റ്റും പ്രസിദ്ധപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.എന്നാൽ മാർച്ച് കഴിയാറായിട്ടും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാനായിട്ടില്ല.ഏപ്രിൽ പകുതിയെങ്കിലുമാകാതെ ചുരുക്ക പട്ടിക വരില്ലെന്നാണ് വിവരമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. പി.എസ്.സി വഴി നിയമനം നടത്തുന്ന ഏ​റ്റവും പ്രധാനപ്പെട്ട തസ്തികകളിൽ ചിലതാണ് എൽ.ഡി.സി ,എൽ.ജി.എസ് മുതലായവ. 2019 മുതൽ പി.എസ്.സി ആവിഷ്‌കരിച്ച പ്രാഥമിക മുഖ്യ പരീക്ഷ പരിഷ്‌കാരങ്ങളിൽ ആദ്യത്തേതും ഇവയായിരുന്നു. അന്ന് ഏ​റ്റവും പ്രധാനപ്പെട്ട മെച്ചമായി അവതരിപ്പിച്ചത് ചുരുങ്ങിയ സമയത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം എന്നായിരുന്നു. എന്നാൽ വിജ്ഞാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന് നീളുന്ന സ്ഥിതിയാണ്.

പ്രതീക്ഷിച്ച ഒഴിവില്ല .

പി.എസ്.സിയിൽ അന്വേഷിക്കുമ്പോൾ ലിസ്​റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജില്ലാ ഓഫീസിലും എത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. എന്നാൽ ഓരോ വകുപ്പും പ്രതീക്ഷിച്ച ഒഴിവ് കൊടുക്കുന്ന മുറയ്ക്ക് മാത്രമേ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കു. ഇതും പി.എസ്.സിയുടെ പുതിയൊരു പരിഷ്‌കാരമാണ്.

ഒരു വകുപ്പിൽ നിന്നു പോലും മറുപടി വൈകിയാൽ തന്നെ ആ കാരണം കൊണ്ട് ചുരുക്ക പട്ടിക വീണ്ടും വൈകും .പ്രതീക്ഷിത ഒഴിവുകൾ പലപ്പോഴും വകുപ്പുകളിൽ നിന്നും കൃത്യമായി ലഭിക്കാറുമില്ല. എൻ.ജെ.ഡി (നോൺ ജോയിനിംഗ് ഡ്യൂട്ടി) പോലുള്ളവ മുൻകൂട്ടി കണക്കെടുക്കുകയെന്നത് തികച്ചും അസാദ്ധ്യമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പി.എസ്.സിക്ക് കിട്ടുന്ന മറുപടിയിൽ ഒഴിവുകളുടെ എണ്ണം കുറഞ്ഞ് മാത്രമേ ലഭിക്കാൻ സാദ്ധ്യതയുള്ളൂ. അത് അടിസ്ഥാനമാക്കി ലിസ്​റ്റ് തയ്യാറാക്കുമ്പോൾ ലിസ്​റ്റിൽ ഉൾപെടുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറക്കാനും ലിസ്​റ്റ് കാലാവധി കഴിയുന്നതിന് മുന്നേ ലിസ്​റ്റിൽ നിന്നും ഇനി നിയമിക്കാൻ ഉദ്യോഗാർത്ഥികളില്ലാത്ത അവസ്ഥ വരാനും സാദ്ധ്യതയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

മൂന്ന് വർഷം കഴിഞ്ഞിട്ടും ചുരുക്ക പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താനുള്ള നടപടികളും നടന്നു വരുന്നുണ്ട്. വ്യാപകമായ ഒഴിവുകൾ വരുന്ന സാഹചര്യത്തിൽ ആശ്രിത നിയമനം നടത്താനും ഒരു സർക്കുലർ പുറപ്പെടുവിച്ചു എന്ന് അറിയാൻ സാധിച്ചു. താൽകാലിക ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ വന്ന വിഷയങ്ങൾ കണക്കിലെടുത്താൽ ഈ സാഹചര്യം ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഏറെ ആശങ്കയുണർത്തുന്നതാണ്.

ഉദ്യോഗാർത്ഥി, കണ്ണൂർ

Advertisement
Advertisement