മഞ്ഞപ്പട്ടുടുപ്പിച്ച് ക്യാറ്റ്‌സ് ക്ലോ പൂക്കൾ.

Monday 28 March 2022 12:05 AM IST

കോട്ടയം. ഒറ്റ നോട്ടത്തിൽ മഞ്ഞപ്പൂക്കൾ കൊണ്ട് അലങ്കരിച്ച മതിലാണെന്നെ തോന്നു. കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകി, മഞ്ഞവസന്തം തീർത്തിരിക്കുകയാണ് ക്യാറ്റ്‌സ് ക്ലോ പുഷ്പങ്ങൾ. കിടങ്ങൂർ കൂടല്ലൂർ റോഡിൽ കൊമ്പനാംകുന്ന് കൊട്ടാരം ദേവീക്ഷേത്രത്തിനു സമീപം സഹോദരങ്ങളായ പാലമറ്റത്തിൽ വിജയകുമാറിന്റെയും കൈലാസിന്റെയും വീട്ടിലാണ് ക്യാറ്റ്‌സ് ക്ലോ എന്ന വള്ളിചെടി പൂത്തുലഞ്ഞ് നിൽക്കുന്നത്. ഈ മനോഹര ദൃശ്യം കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും സെൽഫിയെടുക്കുന്നതിനുമായി നിരവധി പേരാണ് എത്തുന്നത്. പൂക്കളിൽ നിന്ന് ചിത്ര ശലഭങ്ങളും ചെറുപ്രാണികളും തേൻ കുടിയ്ക്കുന്ന ദൃശ്യവും കാണാം. ഫോട്ടോഗ്രാഫറായ രമേശ് കിടങ്ങൂർ പകർത്തിയ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയാകളിൽ ശ്രദ്ധേയമായി.

വർഷത്തിൽ രണ്ട് തവണയാണ് ഇവ പൂവിടുന്നത്. ഏഴ് വർഷം മുൻപ് കാരിത്താസ് ഭാഗത്തെ നഴ്‌സറി കെട്ടിടത്തിന് മുകളിലാണ് പൂത്തുലഞ്ഞ് നിൽക്കുന്ന ചെടി വിജയകുമാർ കാണുന്നത്. പൂവിന്റെ ഭംഗി കണ്ട് ഇവിടെ നിന്ന് തണ്ട് വാങ്ങി ഇരുവീടുകളുടെയും മതിലിനു സമീപം നട്ടു. മുൻപും ഈ ചെടിയിൽ പൂവിട്ടിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്തരത്തിൽ നിറയെ പൂക്കുന്നത്. 35 മീറ്റർ നീളത്തിലാണ് ചെടി പടർന്നിരിക്കുന്നത്. നാല് ദിവസം വരെ പൂ നിൽക്കും. വളം ചെയ്യാറില്ല. വെള്ളം നനച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിജയൻ പറഞ്ഞു.

Advertisement
Advertisement