വായനശാലകളിൽ എൽ.ഇ.ഡി നിർമ്മാണം പുരോഗമിക്കുന്നു ഫിലമെന്റ് രഹിത ബൾബുകളിലേക്ക് കണ്ണൂർ

Monday 28 March 2022 12:07 AM IST

കണ്ണൂർ: ഊർജ്ജസംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് നാട്ടിൻപുറത്തെ വായനശാലകൾ എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു. ഗ്രന്ഥശാലാസംഘം മുൻകൈയെടുത്തു നടത്തുന്ന പരിപാടികളിലൂടെ വായനശാലകളുടെ നേതൃത്വത്തിൽ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും എൽ.ഇ.ഡി ബൾബ് നിർമ്മാണം പഠിപ്പിക്കുകയാണ്. കണ്ണൂരിനെ ഫിലമെന്റ് രഹിത ജില്ലയാക്കുകയാണ് ലക്ഷ്യം.

വൈദ്യുതി നന്നേ കുറച്ചു ചെലവുള്ള എൽ.ഡി.ബൾബുകൾ ഭീമമായ കറന്റ് ചാർജ്ജ് കുറയ്ക്കുമെന്നുമാത്രമല്ല മൊത്തം വൈദ്യുതോത്പാദനം കുറയ്ക്കാനും കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പത്തുപേരുൾപ്പെടുന്ന സംഘത്തിനാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിനായി പരിശീലനം നൽകുന്നത്.
സാധാരണയായി 2500 മണിക്കൂറാണ് എൽ.ഇ.ഡി ബൾബുകളുടെ ആയുസ്. ഉപയോഗശൂന്യമായാൽ ഇവ ഗുരുതരമായ രാസമാലിന്യപ്രശ്നവും സൃഷ്ടിക്കും. എന്നാൽ ഇവ ബോർഡുമാറ്റി പുനരുപയോഗിക്കാൻ കഴിയുമെന്ന് എട്ടുവർഷമായി എൽ.ഇ.ഡി ബൾബ് നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്ന കെ. വിജിന പറയുന്നു.
ചാല കസ്തൂർബാ വായനശാലയിൽ നടന്ന പരിപാടി മുൻ കെ.എസ്.ഇ.ബി അസി. എൻജിനീയർ രതീശൻ പുളുക്കായി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.കെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. ലൈബ്രേറിയൻ ശ്രീജിത്ത് സ്വാഗതവും ജെ.എസ് സുനിൽ നന്ദിയും പറഞ്ഞു.

പരിശീലനം ശാസ്ത്രീയമായി

മെഷീനുകൾ ഉപയോഗിച്ചു ശാസ്ത്രീയമായി തന്നെയാണ് പരിശീലനം. ഡൽഹിയിൽ നിന്നാണ് എൽ.ഇ.ഡി ബൾബുകളുടെ കിറ്റുകളെത്തിക്കുന്നത്. രണ്ടുതരം മെഷീനാണ് എൽ.ഇ.ഡി ബൾബുകളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഫോട്ടേസീക്ക് പഞ്ചിംഗ്‌ മെഷിനും ഹീറ്റ്സീക്ക് പഞ്ചിംഗ് മെഷിനും. സോൾഡറിംഗ്, അയൺ, ലെഡ്, ഫ്ളക്സ് എന്നിവയാണ് കിറ്റിലുള്ളത്.

ഒരുമണിക്കൂർ കൊണ്ട് ആർക്കും ഒരു ബൾബ് നിർമ്മിക്കാൻ കഴിയും. സോൾഡറിംഗ് മാത്രമാണ് അൽപം പ്രയാസകരമായിട്ടുള്ളത്.

കെ. വിജിന, ട്രെയിനർ.

Advertisement
Advertisement