എം.ആർ.ഐ സ്‌കാൻ : ഫയൽ അടയിരുന്നത് നാല് മാസത്തോളം

Sunday 27 March 2022 9:26 PM IST

തൃശൂർ : എം.ആർ.ഐ സ്‌കാൻ സ്വന്തമായി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവസാനം സംസ്ഥാന ആരോഗ്യ വിഭാഗത്തിൽ ഫയൽ അടയിരുന്നത് നാലുമാസത്തോളം. ഒടുവിൽ അധികൃതർ മന്ത്രിതലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മെഷീൻ വാങ്ങാനുള്ള ഉത്തരവ് ലഭിച്ചത്. അവസാനം അംഗീകാരം ലഭിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ രണ്ടും കൽപ്പിച്ചിറങ്ങുകയും ചെയ്തു. എം.ആർ.ഐ സ്‌കാനർ എത്തുന്നതോടെ നൂറുക്കണക്കിന് രോഗികൾക്ക് ആശ്വാസമാകുന്നതോടൊപ്പം, എം.ഡി കോഴ്‌സുകൾക്ക് അംഗീകാരം നഷ്ടമാകില്ലെന്ന ആശ്വാസം കൂടിയുണ്ട്. ഇത്തരം കോഴ്‌സുകളുള്ള മെഡിക്കൽ കോളേജുകളിൽ സ്വന്തമായി എം.ആർ.ഐ സ്‌കാൻ ഇല്ലെങ്കിൽ കോഴ്‌സുകളുടെ അംഗീകാരം റദ്ദ് ചെയ്യാനുള്ള അധികാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുണ്ട്.

ഏപ്രിൽ, മേയ് മാസങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി പരിശോധനകൾക്ക് എത്താനിരിക്കെയാണ് സ്വന്തമായി സ്‌കാനറെത്തുന്നത്. ആറ് കോടിയിലേറെ രൂപ ചെലവഴിച്ച് ആർ.എസ്.ബി.വൈ ഫണ്ട് ഉപയോഗിച്ചാണ് യന്ത്രം വാങ്ങുന്നത്. മെഡിക്കൽ കോളേജിലെ നെഞ്ച് രോഗാശുപത്രിയിൽ റേഡിയോളജി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് സെന്റർ പ്രവർത്തിക്കുക.

സൗജന്യം ലഭിച്ചിരുന്നത് പത്ത് പേർക്ക്

മെഡിക്കൽ കോളേജിന് സ്വന്തമായി സ്‌കാനർ ഇല്ലാത്ത സാഹചര്യത്തിലാണ് റേഡിയോളജി വിഭാഗത്തിൽ പൊതുമേഖല സ്ഥാപനമായ എച്ച്.എൻ.എല്ലിന് 2500 സ്ക്വയർ മീറ്റർ സ്ഥലം സൗജന്യമായി വിട്ടു നൽകി 2009 ൽ എം.ആർ.ഐ സ്‌കാൻ സ്ഥാപിക്കാൻ അനുമതി നൽകിയത്. എന്നാൽ രോഗികൾക്ക് പുറത്ത് പോയി സ്‌കാൻ ചെയ്യേണ്ട എന്ന ഗുണം മാത്രമാണ് ഇതിലൂടെ ലഭിച്ചിരുന്നത്. പാവപ്പെട്ട രോഗികൾക്ക് പോലും വൻതുക നൽകി വേണം സ്‌കാൻ ചെയ്യാൻ.

ആർ.എസ്.ബി.ഐ പദ്ധതി പ്രകാരം സ്‌കാൻ ചെയ്യുന്നവർക്ക് കേന്ദ്ര ഇൻഷ്വറസ് സ്‌കീമിൽ ലഭിക്കുന്ന തുക പോലും എച്ച്.എൻ.എല്ലിനാണ് ലഭിച്ചിരുന്നത്. ശരാശരി ആറു ലക്ഷത്തോളം രൂപ ഈ വകയിൽ മാത്രം എച്ച്.എൻ.എല്ലിന് ലഭിച്ചിരുന്നു. ഇനി മുതൽ ഇത് മെഡിക്കൽ കോളേജിന് ലഭ്യമാകും. എച്ച്.എൻ.എല്ലുമായുള്ള ധാരണ പ്രകാരം മാസത്തിൽ പത്ത് പേർക്ക് മാത്രമാണ് സൗജന്യമായി സ്‌കാൻ ചെയ്യാൻ അവസരം ലഭിക്കൂ. ബാക്കിയുള്ളവയ്‌ക്കെല്ലാം പണം അടയ്ക്കണം. മെഡിക്കൽ കോളേജിൽ സ്വന്തമായി മെഷീൻ എത്തുന്നതോടെ നൂറുക്കണക്കിന് പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഒരു മാസം പത്തെണ്ണം കഴിഞ്ഞാൽ അടുത്ത മാസത്തേക്ക് പാവപ്പെട്ട രോഗികൾക്ക് കാത്ത് നിൽക്കേണ്ട സ്ഥിതി വിശേഷവും ഇല്ലാതാകും.

ഗുണങ്ങൾ

അർഹതപ്പെട്ട നിരവധി പേർക്ക് സൗജന്യമായി എം.ആർ.ഐ സ്‌കാൻ
എം.ബി.ബി.എസ്, എം.ഡി ചെയ്യുന്നവർക്ക് പഠനത്തിന് സഹായകരം

Advertisement
Advertisement