ശ്രീകുരുംബയിൽ കോഴിക്കല്ല് മൂടൽ ഇന്ന്

Sunday 27 March 2022 9:47 PM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് വൈവിദ്ധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ആരംഭം കുറിക്കുന്ന കോഴിക്കല്ല് മൂടൽ ഇന്ന് നടക്കും.
മീനമാസത്തിലെ തിരുവോണനാളിൽ രാവിലെ പതിനൊന്നോടെ ഉച്ചപൂജയ്ക്ക് ശേഷം പാരമ്പര്യ അവകാശികളായ വടക്കേ മലബാറിലെ തച്ചോളി തറവാട്ടുകാരുടെയും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരുടെയും നേതൃത്വത്തിലാണ് ചടങ്ങ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രത്തിൽ നിലനിന്നിരുന്ന കോഴിവെട്ട് സർക്കാർ നിയമം മൂലം നിരോധിച്ചതിനെ തുടർന്ന് കോഴികളെ ബലിയർപ്പിക്കാൻ ഉപയോഗിച്ചിരുന്ന വൃത്താകൃതിയിലുള്ള കല്ലുകൾ മണ്ണിനടിയിൽ കുഴിച്ചുമൂടി അതിന് മുകളിൽ ചുവന്ന പട്ടു വിരിച്ച് കോഴികളെ സമർപ്പിക്കുന്നതാണ് ചടങ്ങ്.

തച്ചോളി തറവാട്ടിൽ നിന്നുള്ള പ്രതിനിധികൾ കൊണ്ടുവരുന്ന കോഴികളെ ക്ഷേത്രക്കുളത്തിൽ കുളിപ്പിച്ച് ഈറനണിഞ്ഞ അവകാശികൾ ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തുമ്പോൾ ഭഗവതി വീട്ടിലെ കാരണവരുടെ നേതൃത്വത്തിൽ ക്ഷേത്രനടയിൽ കുഴിച്ചുമൂടിയ കോഴിക്കല്ലിന് മുകളിൽ ചുവന്ന പട്ടു വിരിച്ച് കാരണവർ ഉച്ചത്തിൽ വിളിച്ചു ചോദിക്കും. തച്ചോളി തറവാട്ടിലെ കോഴികൾ ഹാജരുണ്ടോ ?. ചോദ്യം മൂന്നാവർത്തി കഴിയുമ്പോൾ തച്ചോളി തറവാട്ടുകാർ കോഴികൾ ഹാജരുണ്ട് എന്ന് ഏറ്റുപറഞ്ഞ് ക്ഷേത്ര നടയിലെത്തി ചുവന്ന പട്ടിന് മുകളിൽ കോഴികളെ സമർപ്പിക്കും.

ഇതോടെ മറ്റൊരു അവകാശികളായ എടമുക്ക് മൂപ്പന്മാർ ക്ഷേത്രത്തിലെ കിഴക്കെ നടയിൽ ആൽമരത്തിൽ വേണാടൻ കൊടികൾ ഉയർത്തും. ഇതോടെ കോഴിക്കല്ല് മൂടൽ ചടങ്ങ് പൂർത്തിയാകും. കോഴിക്കല്ല് മൂടൽ കഴിയുന്നതോടെ വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിലെത്തുന്ന ആബാലവൃദ്ധം ദേവീഭക്തർ കൊടുങ്ങല്ലൂർ അമ്മയെ സ്തുതിച്ച് ഭരണിപ്പാട്ടിന്റെ ഈരടികൾക്ക് തുടക്കമിടും. തുടർന്നുള്ള ഒരാഴ്ചക്കാലം കൊടുങ്ങല്ലൂർ കാവിൽ വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകരുടെ തിരക്കാവും.

Advertisement
Advertisement