സാധാരണക്കാരന്റെ ശബ്ദമായിരുന്ന സോമപ്രസാദ് രാജ്യസഭയുടെ പടിയിറങ്ങുന്നു

Monday 28 March 2022 12:32 AM IST

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ സഭയിലുന്നയിച്ച സി.പി.എം പ്രതിനിധി അഡ്വ.കെ.സോമപ്രസാദ് ഏപ്രിൽ ഒന്നിന് രാജ്യസഭയുടെ പടിയിറങ്ങും.

2016 ഏപ്രിൽ 3 നാണ് എം.പി.വിരേന്ദ്രകുമാർ, എ.കെ.ആന്റണി എന്നിവർക്കൊപ്പം സോമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത്.422 ചോദ്യങ്ങളുന്നയിച്ചു. 260 ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു. വിവിധ വിഷയങ്ങളും ബില്ലുകളുമായി ബന്ധപ്പെട്ട് 160 ചർച്ചകളിൽ പങ്കുകൊണ്ടു. ചവറ കെ.എം.എം.എൽ, കൊച്ചി ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ ഓർഗാനിക് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ സഭയിലുന്നയിച്ചായിരുന്നു തുടക്കം. ഇ സിഗററ്റിന്റെ ദൂഷ്യഫലങ്ങൾ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നടത്തിയ ശ്രദ്ധക്ഷണിക്കലിനെ തുടർന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഇ സിഗററ്റ് നിരോധിച്ചത്.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് പതിറ്റാണ്ടുകളായി നടപ്പാക്കാതിരുന്ന പട്ടികജാതി/പട്ടികവർഗ്ഗ സംവരണം എല്ലാകാറ്റഗറികളിലും ബാധകമാക്കിയതും അദ്ദേഹത്തിന്റെ ഇടപെടലിലാണ്. എൻജിനിയറിംഗ് കൗൺസിൽ രൂപീകരിക്കുന്നതിനും ആദിവാസികളുടെ പാരമ്പര്യ വിജ്ഞാന ശോഷണം തടയുന്നതിനും ആവശ്യമായ നിയമ നിർമ്മാണം നടത്തണമെന്ന് പ്രത്യേക പരാമർശത്തിലൂടെ ആവശ്യമുന്നയിച്ചു. പട്ടികവിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വരുമാന പരിധി നീക്കുന്നതിനും കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കുന്നതിനും അദ്ദേഹം ശബ്ദമുയർത്തി.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും പി.യു.ചിത്രയെ ഒഴിവാക്കിയതിനെതിരെയും കേരളത്തിൽ ആവശ്യമായ ലോക്കോ പൈലറ്റ്മാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടും ശബ്ദമുയർത്തി. ജുഡീഷ്യറിയിലെ സംവരണത്തിനും വിവിധ കോടതി വിധികളെ തുടർന്ന് സംവരണവും പട്ടികജാതി പീഡന നിരോധന നിയമവും ദുർബ്ബലപ്പെടാതിരിക്കാനുള്ള നിയമ നിർമ്മാണത്തിന് വേണ്ടിയും സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.

Advertisement
Advertisement