സമരത്തിന് കലാശം; സ്വകാര്യ ബസുകൾ ഓടി

Monday 28 March 2022 12:35 AM IST

ആലപ്പുഴ: നാല് ദിവസം നീണ്ട സ്വകാര്യ ബസ് സമരം ഇന്നലെ അവസാനിച്ചതോടെ, ജില്ലയിൽ ഏതാനും ബസുകൾ നിരത്തിലിറങ്ങി. സമരം നിർത്തിയതായി അസോസിയേഷൻ വക്താക്കളുടെ പ്രസ്താവന വന്നതോടെ ഓട്ടം തുടരുന്നതിന് അനുവാദം തേടി ബസുടമകൾ ജില്ലാ ഭാരവാഹികളെ സമീപിച്ചിരുന്നു. താത്പര്യമുള്ളവർക്ക് ഓടാമെന്ന് മറപടി ലഭിച്ചതോടെയാണ് ഇരട്ടക്കുളങ്ങര - ആലപ്പുഴ റൂട്ടിലടക്കം ബസുകൾ സർവീസിനിറങ്ങിയത്. ഇന്നും നാളെയും പണിമുടക്കായതിനാൽ സർവീസുണ്ടാവില്ല. ബുധനാഴ്ച്ച രാവിലെ മുതൽ എല്ലാ ബസുകളും നിരത്തിലിറങ്ങുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ പറഞ്ഞു.

കെ. എസ്. ആർ.ടി.സിക്ക് നേട്ടം

അതേസമയം സ്വകാര്യ ബസ് സമര ദിവസങ്ങളിൽ അധിക ബസുകൾ സർവീസിനിറക്കി കെ.എസ്.ആർ.ടി.സി നേട്ടമുണ്ടാക്കി.

ശനിയാഴ്ച്ച ആലപ്പുഴ ഡിപ്പോ 62 സർവീസുകൾ ഓപ്പറേറ്റ് ചെയ്ത് 1101764 രൂപ വരുമാനമുണ്ടാക്കി. കൊവിഡ് വന്ന ശേഷമുള്ള റെക്കാ‌ഡ് കളക്ഷനാണിത്. 41758 യാത്രക്കാരെ കയറ്റി 19340 കിലോ മീറ്ററാണ് അന്നേദിവസം സഞ്ചരിച്ചത്. ജില്ലയിലെ മറ്റ് ഡിപ്പോകളിലും പതിവിൽ കവിഞ്ഞ വരുമാനമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

Advertisement
Advertisement