കൊച്ചിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാർ ആക്രമിച്ച് 25കിലോ സ്വർണം കവർന്നു

Friday 10 May 2019 9:23 AM IST

കൊച്ചി: കൊച്ചിയിൽ അർദ്ധരാത്രി കാർ ആക്രമിച്ച് സ്വർണം 25കിലോ കവർന്നു. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറ് കോടി രൂപയുടെ സ്വർണമാണ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സി.ആ‌ർ.ജി മെറ്റൽസ് എന്ന കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25കിലോ സ്വർണമാണ് കവർന്നത്. സ്വർണം കൊണ്ടു പോയ കാറിനെ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സി.ആ‌ർ.ജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കാറിന്റെ ചില്ലുകൾ തകർത്ത് ആക്രമികൾ സ്വർണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവ‌ർക്കും ഒപ്പമുണ്ടായിരുന്ന ആളിനും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വർണം കൊണ്ടു വരുന്നതിനെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാരുടെ അറിവില്ലാതെ കവർച്ച നടക്കില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. സി.ആർ.ജി മെറ്റൽസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് വിദഗ്ദർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.