ഓസ്‌കാർ വേദി ഉണർന്നു, പ്രഖ്യാപനം തുടങ്ങി

Monday 28 March 2022 5:35 AM IST

ലോസ്ആഞ്ചലസ് : കൊവിഡിന് മുമ്പത്തെ പ്രൗഢിയുമായി 94ാമത് ഓസ്കാർ മടങ്ങിയെത്തുമ്പോൾ എല്ലാ കണ്ണുകളും ന്യൂസിലൻഡ് ചലച്ചിത്രകാരി ജെയ്‌ൻ കാംപ്യൻ സംവിധാനം ചെയ്ത 'ദ പവർ ഒഫ് ദ ഡോഗി' ലേക്കാണ്. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ ഇന്ന് പുലർച്ചെ 5.30മുതൽ ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങും.

ഗോൾഡൻ ഗ്ലോബിലും ബാഫ്റ്റയിലും മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രത്തിന് 12 ഓസ്കാർ നോമിനേഷനുകളുണ്ട്. ഡ്യൂൺ (10 ), വെസ്റ്റ് സൈഡ് സ്റ്റോറി (7) , ബെൽഫാസ്റ്റ് (7), കിംഗ് റിച്ചാർഡ് (6) എന്നിവയാണ് തൊട്ടുപിന്നിൽ.

രണ്ടു തവണ സംവിധാനത്തിന് നോമിനേഷൻ നേടുന്ന ആദ്യ വനിതയാണ് ജെയ്‌ൻ. 1993ൽ ദ പിയാനോ എന്ന ചിത്രത്തിനായിരുന്നു ആദ്യ നോമിനേഷൻ. സ്റ്റീവൻ സ്പീൽബർഗിന്റെ ഷിൻഡ്‌ലേഴ്സ് ലിസ്റ്റ് ആയിരുന്നു അത്തവണ ജേതാവ്. ഇത്തവണ ഓസ്കാർ നേടിയാൽ കാത്റിൻ ബിഗലോ, ക്ലോ ഷാവോ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വനിതയാകും ജെയ്ൻ.

പോൾ തോമസ് ആൻഡേഴ്സൺ ( ലികോറൈസ് പിസ ), കെന്നത്ത് ബ്രാന ( ബെൽഫാസ്റ്റ് ), സ്റ്റീവൻ സ്പീൽബർഗ് ( വെസ്റ്റ് സൈഡ് സ്റ്റോറി ), റ്യൂസുകെ ഹാമഗുചി ( ഡ്രൈവ് മൈ കാർ ) എന്നിവരാണ് മികച്ച സംവിധായകരുടെ നോമിനേഷൻ പട്ടികയിലുള്ളത്.

മികച്ച ചിത്രത്തിന് കടുത്ത പോരാട്ടമാണ്. ദ പവർ ഒഫ് ദ ഡോഗിനെ കൂടാതെ, ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലികോറൈസ് പിസ, നൈറ്റ്മെ‌യർ അലെയ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് മ ത്സരിക്കുന്നത്.

ജാവിയർ ബാർഡെം ( ബിയിംഗ് ദ റിക്കാർഡോസ് ), ബെനഡക്ട് കംബർബാച്ച് ( ദ പവർ ഒഫ് ദ ഡോഗ് ), ആൻഡ്രൂ ഗാർഫീൽഡ് ( ടിക്, ടിക്.... ബൂം! ), വിൽ സ്മിത്ത് ( കിംഗ് റിച്ചാർഡ് ), ഡെൻസെൽ വാഷിംഗ്ടൺ (ദ ട്രാജഡി ഒഫ് മാക്ബത്ത് ) എന്നിവരാണ് മികച്ച നടന്മാരുടെ നോമിനേഷൻ ലിസ്റ്റിലുള്ളത്.

ജസീക്ക ചാസ്റ്റൈൻ ( ദ ഐസ് ഒഫ് ടാമി ഫേയ് ), ഒലീവിയ കോൾമാൻ ( ദ ലോസ്റ്റ് ഡോട്ടർ ), പെനിലപ് ക്രൂസ് ( പാരലൽ മദേഴ്സ് ), നിക്കോൾ കിഡ്മാൻ ( ബിയിംഗ് ദ റെക്കാർഡോസ് ), ക്രിസ്റ്റൻ സ്റ്റുവാർട്ട് ( സ്പെൻസർ ) എന്നിവർ മികച്ച നടിക്കായി മത്സരിക്കുന്നു.

Advertisement
Advertisement