കേരളത്തെ ഒന്നാം റാങ്കിലെത്തിച്ച് കുടുംബശ്രീ കണ്ണൂരിലും മികവ്

Monday 28 March 2022 12:06 AM IST
കുടുംബശ്രീ

കണ്ണൂർ: ദേശീയ നഗര ഉപജീവന പദ്ധതി (എൻ.യു.എൽ.എം) യുടെ സ്‌പാർക്ക്‌ റാങ്കിംഗിൽ കേരളത്തെ ഒന്നാം റാങ്കിലെത്തിച്ചത്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന തൊഴിൽസംരംഭങ്ങൾ ലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് പുതുജീവൻ നൽകിയത്. കണ്ണൂർ ജില്ലയിലാണ് കുടുംബശ്രീ മിഷന്റെ കീഴിൽ ഏറെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
തൊഴിൽ ലഭ്യമാക്കൽ, സംരംഭങ്ങൾക്ക്‌ ധനസഹായം, അയൽക്കൂട്ടങ്ങൾക്ക്‌ വായ്‌പയും പലിശ സബ്‌സിഡിയും തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌, കുടുംബശ്രീ നഗരങ്ങളിലെ ദാരിദ്ര്യ ലഘൂകരണത്തിന്‌ നേതൃത്വം നൽകി. എൻ.യു.എൽ.എമ്മിന്റെ ഭാഗമായി നഗരങ്ങളിൽ പുതിയ അയൽക്കൂട്ടം രൂപീകരിച്ച്‌ പതിനായിരം രൂപ റിവോൾവിംഗ് ഫണ്ട്‌ നൽകുന്നു. എ.ഡി.എസുകൾക്ക്‌ ഇത്‌ 50,000 രൂപയാണ്‌. നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുകയും നൈപുണി പരിശീലനം നൽകുകയും ചെയ്‌തു. നഗര ദരിദ്രർക്കായി 27 ഷെൽട്ടർ ഹോം ഇതിനകം പൂർത്തീകരിച്ചു. സർവേയിലൂടെ കണ്ടെത്തിയ തെരുവുകച്ചവടക്കാർക്ക്‌ പി.എം സ്വാനിധി പദ്ധതി വഴി വായ്‌പയും തിരിച്ചറിയൽ കാർഡും ലഭ്യമാക്കി.

കേരളത്തിന്റെ പട്ടിണി മാറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാനും കഴിഞ്ഞതിന് പിന്നിലെ പ്രധാന പ്രേരകശക്തിയായത് കുടുബശ്രീയാണ് സ്ത്രീകൾ വീട്ടിൽ നിന്നു പുറത്തിറങ്ങി ജോലി ചെയ്യാൻ തുടങ്ങിയതോടെ പട്ടിണി മാറുകയായി. അവർക്ക് കിട്ടുന്ന വരുമാനം അതുപോലെ വീട്ടിലെത്തുന്നു.വീടുകളിൽ അവർക്ക് മുൻകാലത്ത് കിട്ടാത്ത പരിഗണനയും ലഭിക്കുന്നു

ഊർജശ്രീ ന്യൂട്രിമിക്സ്

കാഞ്ഞിരോട്ടെ ഊർജശ്രീ ന്യൂട്രിമിക്സ് പോലുള്ള കുടുംബശ്രീയുടെ സംരംഭങ്ങൾ ഏറെ ശ്രദ്ധേയമാണ്. കെ.ഷൈമ പ്രസിഡന്റും രാധിക അജിത് സെക്രട്ടറിയുമായ ന്യൂട്രിമിക്സിന്റെ വൈവിദ്ധ്യവത്കരണ പ്രവർത്തനങ്ങൾ പുതിയമുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പായസം മിക്സ് പോലുള്ള ഉത്പന്നങ്ങൾക്കായി ഇപ്പോൾ ആളുകളെത്തി തുടങ്ങി.

പാചകവും കുടുംബത്തെ ഊട്ടലുമൊക്കെയായി കഴിയുന്നവരാണ് സ്ത്രീകളെന്ന നിലയ്ക്ക് മാറ്റം വരുത്താൻ ചാലകശക്തിയായി പ്രവർത്തിച്ചത് കുടുംബശ്രീയാണ്. കുടുംബത്തിന്റെ വരുമാനദായകർ എന്ന നിലയിൽ പുരുഷനുള്ള അംഗീകാരവും പരിഗണനയും ഇവർക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.

ഡോ. എം. സുർജിത്ത്, കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ

Advertisement
Advertisement