ഫ്രഞ്ച് വിരുദ്ധ ഒളിപ്പോരിന് ശില്പഭാഷ്യം

Monday 28 March 2022 12:09 AM IST
ചെറുകല്ലായി വിമോചന പോരാട്ടത്തിന്റെ ശില്പ ഭാഷ്യം

മാഹി: ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ ചെറുകല്ലായി പടയണിയിൽ, ഫ്രഞ്ച് പട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച കമ്മ്യൂണിസ്റ്റുകാരായ അച്യുതന്റെയും അനന്തന്റെയും ഐതിഹാസികമായ ഒളിപ്പോരാട്ട ചരിത്രം മയ്യഴി നഗരത്തിൽ പുനർജ്ജനിച്ചു.
1954 ഏപ്രിൽ 26ന് അർദ്ധരാത്രിയിലാണ് ചെറുകല്ലായി കുന്നിൻചെരിവിലെ ഫ്രഞ്ച് പട്ടാളക്യാമ്പ് കമ്മ്യൂണിസ്റ്റ് പോരാളികൾ വളഞ്ഞത്. തുടർന്നുണ്ടായ വെടിവയ്പിലാണ് അച്യുതനും അനന്തനും വെടിയേറ്റ് മരിച്ചത്. കെ.കെ.ജി. അടിയോടിക്ക് തോക്കിന്റെ പാത്തികൊണ്ട് അടിയേൽക്കുകയും, ബയണറ്റ് കൊണ്ടുള്ള 34 മുറിവുകളേൽക്കുകയും ചെയ്തു.

ഈ സംഭവത്തെത്തുടർന്നാണ് ചെറുകല്ലായി പ്രദേശം മോചിക്കപ്പെട്ടത്. ചെറുകല്ലായി കുന്നിലേക്കുള്ള ഒളിപ്പോരാളികളുടെ കടന്നുകയറ്റവും ഫ്രഞ്ച് പട്ടാളക്യാമ്പിന് കാവൽ നിൽക്കുന്ന ഫ്രഞ്ച് ശിപായികളും ശില്പത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. കലാകാരന്മാരായ പ്രശാന്ത് കൊണ്ടോടി, അനിൽകുമാർ, ചന്ദ്രൻ ചേനോത്ത്, ശശി കാനോത്ത് എന്നിവരാണ് മയ്യഴിവിമോചന പോരാട്ടത്തിലെ ചോരകിനിയുന്ന ഏടിന്, മാഹി സ്‌പോർട്‌സ് ക്ലബ്ബിന് സമീപം ദേശീയപാതയ്ക്കരികിൽ ശില്പഭാഷ്യമൊരുക്കിയത്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ ചരിത്ര ശില്പ ഭാഷ്യം അനാവരണം ചെയ്തു. കെ.പി. സുനിൽ കുമാർ, ശ്രീജിത്ത് ചോയൻ, എ. ജയരാജൻ, ശശിധരൻ പാലേരി, ഹാരിസ് പരന്തിരാട്ട്, കെ.സി. നിഖിലേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement