ആയുർവേദ ഡോക്ടർമാർ തുല്യവേതനത്തിന് അർഹരെന്ന സുപ്രീം കോടതി വിധി നടപ്പാക്കണം

Monday 28 March 2022 12:26 AM IST

തൃശൂർ : നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ എന്നിവയുടെ കീഴിൽ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ആലോപ്പതി മെഡിക്കൽ ഓഫീസർമാർക്കും ഡെന്റൽ മെഡിക്കൽ ഓഫീസർമാർക്കും ലഭിക്കുന്ന തുല്യ വേതനത്തിന് അർഹതയുണ്ടെന്നും ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആവശ്യം.

ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കേരളത്തിൽ അലോപ്പതി അസിസ്റ്റന്റ് സർജന് 63,700- 1,23,700 പേ സ്‌കെയിൽ ഉള്ളപ്പോൾ ആയുർവേദ മെഡിക്കൽ ഓഫീസർക്ക് 55,200 -1,15,300 ആണ് ലഭിക്കുന്നത്. വ്യത്യാസം 8500 രൂപ. കേരളത്തിൽ അലോപ്പതി സർജന് 95,600- 1,53,200 ആണ് വേതനം . ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർക്ക് ലഭിക്കുന്നത് 59,300- 1,20,900 മാത്രം. വ്യത്യാസം 36,300 രൂപ.

കേരളത്തിൽ അലോപ്പതി സർജൻ ഹയർ ഗ്രേഡിന് 1,18,100 - 1,63,400 ഉള്ളപ്പോൾ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർക്ക് 63,700- 1,23,700 മാത്രം. വ്യത്യാസം 54,400 രൂപ. ഇന്ത്യൻ ആയുർവേദ ചികിത്സയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കേരളത്തിൽ ഈ വിധി നടപ്പിലാക്കി സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക കാട്ടണമെന്ന് മുൻ സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിൻ മെമ്പറും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഡോ.ഡി.രാമനാഥൻ ആവശ്യപ്പെട്ടു.

Advertisement
Advertisement