പുട്ടിൻ അധികാരത്തിൽ തുടരരുതെന്ന് ബൈഡൻ, അത് തീരുമാനിക്കുന്നത് ബൈഡനല്ലെന്ന് റഷ്യ, വാക്കുകളിൽ സംയമനം പാലിക്കണമെന്ന് മാക്രോൺ

Monday 28 March 2022 3:11 AM IST

വാഷിംഗ്ടൺ : യുക്രെയിനിൽ അധിനിവേശം നടത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ' കശാപ്പുകാരൻ " ആണെന്നും പുട്ടിന് അധികാരത്തിൽ തുടരാൻ പാടില്ലെന്നുമുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ്.

അയൽ രാജ്യങ്ങളുടെ മേൽ പുട്ടിന്റെ അധികാരം പ്രയോഗിക്കുന്നത് പാടില്ല എന്നാണ് ബൈഡൻ ഉദ്ദേശിച്ചതെന്നും റഷ്യയിൽ ഭരണമാറ്റം വേണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

വൈറ്റ് ഹൗസിന് പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യയിലെ അധികാര മാറ്റമല്ല ബൈഡൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോളണ്ട് സന്ദർശനത്തിനിടെയാണ് ബൈഡൻ പുട്ടിനെ കടന്നാക്രമിച്ചത്. യുക്രെയിനെ ആക്രമിച്ചത് മോസ്കോയുടെ തന്ത്രപരമായ പരാജയമാണെന്നും ബൈഡൻ പറഞ്ഞിരുന്നു.

അതേ സമയം, പുട്ടിന് അധികാരത്തിൽ തുടരാനാവില്ലെന്ന ബൈഡന്റെ പരാമർശത്തിനെതിരെ ക്രെംലിൻ രംഗത്തെത്തി. ബൈഡൻ അത് തീരുമാനിക്കേണ്ട കാര്യമില്ലെന്നും റഷ്യക്കാരാണ് അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. അതേ സമയം, ബൈഡന്റെ പരാമർശം സ്ഥിതിഗതികൾ വഷളാകാൻ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്.

ഇതിനിടെ, യുക്രെയിൻ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ വാക്കുകളിലും പ്രവൃത്തിയിലും ശാന്തതയും സംയമനവും പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭ്യർത്ഥിച്ചു. പുട്ടിനുമായി ചർച്ചകൾ തുടരുന്നതിനാൽ താൻ ഇത്തരം പദപ്രയോഗങ്ങൾ നടത്തില്ലെന്നും മാക്രോൺ ചൂണ്ടിക്കാട്ടി.

Advertisement
Advertisement