കയറ്റുമതിയിലെ ചരിത്ര നേട്ടം

Tuesday 29 March 2022 1:00 AM IST

കയറ്റുമതിയിൽ ഇന്ത്യ ചരിത്രനേട്ടം കുറിച്ചിരിക്കുന്നു. 30 ലക്ഷം കോടി കഴിഞ്ഞ റെക്കാഡാണ് കെെവരിച്ചത്. ഇൗ നേട്ടത്തെ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ പ്രകീർത്തിച്ചു. ഇന്ത്യയുടെ വെെവിദ്ധ്യം പരിമിതിയല്ലെന്നും വലിയ സാദ്ധ്യതയുടെ വാതിലുകളാണ് തുറന്നിടുന്നതെന്നും കൂടി ഇൗ നേട്ടം നമ്മെ പഠിപ്പിക്കുന്നു. അസമിലെ ഹെലകണ്ടിയിൽ നിന്നുള്ള തുകൽ സാധനങ്ങളും ഒസാനാബാദിലെ കെെത്തറിയും ലഡാക്കിലെ ആപ്രിക്കോട്ടും തമിഴ്നാട്ടിലെ പ്രത്യേകതരം വാഴപ്പഴങ്ങളും മറ്റും കയറ്റുമതി ചെയ്യപ്പെടുന്നവയിൽ ഏറെ ഡിമാന്റുള്ളവയാണ്.

സർക്കാരിന് ഉത്പ്പന്നങ്ങൾ വിൽക്കാൻ വൻകിട ഉത്പ്പാദകർക്ക് മാത്രമേ മുൻ കാലങ്ങളിൽ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ സർക്കാരിന്റെ ഇ-മാർക്കറ്റ് പ്ളേസ് പോർട്ടൽ വന്നതോടെ ഇതിന് മാറ്റം വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ ഒന്നരലക്ഷത്തോളം ചെറുകിട സംരഭകരും കടക്കാരും സർക്കാരിന് ഉത്‌പന്നങ്ങൾ വിൽക്കുന്നു. ഇതിനകം സർക്കാർ ഇവരിൽനിന്നും ഒരു ലക്ഷം കോടി രൂപ വിലവരുന്ന ഉത്പ്പന്നങ്ങളാണ് ഇതുവരെ വാങ്ങിയത്.. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എൻജിനിയറിംഗ്,ജെം ആന്റ് ജൂവലറി, കെമിക്കലുകൾ, വസ്ത്രം തുടങ്ങിയ മേഖലകളാണ്. അമേരിക്ക, യു.എ.ഇ, ചെെന, ബംഗ്ളാദേശ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ മുഖ്യ വിപണികൾ.

ഇന്ത്യ ഇനി ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് മെെക്രോചിപ്പുകളുടെ നിർമ്മാണത്തിലാവണം. സർക്കാർ സഹായത്തോടെ സ്വകാര്യ സംരംഭകർ ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. മാറിയ ടെക്നോളജിയുടെ കാലത്ത് മെെക്രോ ചിപ്പുകൾ ഇല്ലാതെ ഒന്നും സാദ്ധ്യമാവില്ല. ഇപ്പോൾ ലോകത്തിനാവശ്യമായ മെെക്രോ ചിപ്പുകളിൽ സിംഹഭാഗവും നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നത് തയ് വാൻ എന്ന ചെറിയ രാജ്യമാണ്. ഇന്ത്യ ആത്മനിർഭർ ഭാരതിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും മറ്റും ഭാഗമായി മെെക്രോ ചിപ്പ് നിർമ്മാണ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് ലക്ഷ്യമിടണം. അത് നമ്മുടെ സമ്പത്ത് വ‌ർദ്ധിപ്പിക്കുന്നതിനൊപ്പം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ഉതകും. കയറ്റുമതിക്കൊപ്പം ഇറക്കുമതിയുടെ തോത് കുറഞ്ഞാൽ മാത്രമേ ഇന്ത്യയ്ക്ക് യഥാർത്ഥനേട്ടം കെെവരിക്കാനാവൂ. നടപ്പുവർഷം ഇറക്കുമതി 20000 കോടി ഡോളറായി ഉയർന്നു. വ്യാപാരക്കമ്മി ഉയർന്നുതന്നെ നിൽക്കുന്നു. അതായത് കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തേക്കാൾ കൂടുതൽ ഇറക്കുമതിക്ക് ചെലവാക്കേണ്ടി വരുന്നു. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുന്ന അവസ്ഥയിലേ സാമ്പത്തിക വളർച്ച സുസ്ഥിരമാകൂ.

മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണനെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത് മലയാളികൾക്ക് അഭിമാനിക്കാൻ വക നൽകുന്നു. പക്ഷികൾക്ക് ജലം നൽകുന്ന പദ്ധതി അദ്ദേഹം പരസഹായമില്ലാതെ സ്വയം തുടങ്ങിവച്ചതാണ്. ഇന്നിപ്പോൾ കുരുവികൾക്ക് ജലം നൽകുന്ന മൺപാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു. സംഘടനകളുടെ മാത്രമല്ല ചില വ്യക്തികളുടെ ത്യാഗസമ്പന്നമായ പ്രവൃത്തികളും നാടിനെ മുന്നോട്ടു നയിക്കുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും കഴിയുന്നിടത്താണ് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വിജയം കുടികൊള്ളുന്നത്.

Advertisement
Advertisement