സഞ്ചാരികളുടെ ശ്രദ്ധയ്‌ക്ക് ! ഇടക്കല്ലിന് ചുറ്റും ത്രില്ലർ ടൂറിസം

Tuesday 29 March 2022 2:36 AM IST

തിരുവനന്തപുരം: കോവളത്തെ ബ്യൂട്ടി സ്‌പോട്ടുകളിലൊന്നായ ഇടക്കല്ലിനുചുറ്റും സാഹസിക ടൂറിസം പദ്ധതിയുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. കോവളത്തിന്റെ സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഇടക്കല്ലിലും കടലിലും പഠനം നടത്തിയശേഷമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. അടുത്തമാസം പകുതിയോടെ ടൂറിസം ഡയക്ടറേറ്റിന്റെ അംഗീകാരം ലഭിച്ചശേഷം ടെൻഡർ ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. എല്ലാവിധ ജല കായിക വിനോദങ്ങളും സാദ്ധ്യമാകുന്ന വിധത്തിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന ഫ്ലോട്ടിംഗ് ഡെക്കുകളാണ് ഇടക്കല്ലിനോട് ചേർന്ന് നിർമ്മിക്കുക. ഇടക്കല്ലിനെ ബന്ധിപ്പിക്കുന്ന രീതിയിൽ തിരയടിക്കുന്നതനുസരിച്ച് തെറിച്ചുപോകില്ല.

കോവളത്തെ രണ്ട് ചെറിയ ബീച്ചുകൾക്കിടയിലുള്ള പാറക്കൂട്ടമാണ് ഇടക്കല്ല്. നിരവധി സഞ്ചാരികൾ സൂര്യാസ്‌തമയം ആസ്വദിക്കുന്ന സ്ഥലമാണിവിടെ. അടുത്തിടെ പാറമുകളിലെ ചില നിർമ്മാണ പ്രവൃത്തികൾ ഇടക്കല്ലിന്റെ ദൃശ്യഭംഗിക്ക് കോട്ടം വരുത്തിയിരുന്നു. പുതിയ നിർമ്മാണം വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങളുണ്ടാകരുതെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ ആവശ്യം.

പറക്കാം,​ കറങ്ങാം

-------------------------------

ഒരു കടലിലേക്ക് പാലം പോലെ ഡെക്കുകൾ. അവിടെനിന്ന് ഉൾക്കടലിലേക്ക് സ്‌പീ‌ഡ് ബോട്ടിലേറി പായാം അല്ലെങ്കിൽ പാരാസൈലിംഗിൽ പറപറക്കാം!. കടലിനടിയിലേക്ക് ഡൈവ് ചെയ്യാം!. ഇത്തരം സാഹസിക പരിപാടികൾക്കൊന്നും താത്പര്യമില്ലെങ്കിൽ ഇടക്കല്ലിന് ചുറ്രും കറങ്ങാം

സാദ്ധ്യതകൾ

1. സ്‌പീഡ് ബോട്ട്

സർവീസ് സുഗമമാക്കും

ഇപ്പോൾ നാമമാത്രമായിട്ടാണ് സ്‌പീ‌ഡ് ബോട്ട് സർവീസ്. തീരത്തേക്ക് ബോട്ടുകൾ അടുപ്പിക്കുന്നത് മറ്റ് സഞ്ചാരികൾക്ക് ബുദ്ധിമുട്ടായി മാറാറുണ്ട്. ബോട്ടിൽ കയറുന്നതും ഇറങ്ങുന്നതും ഡെക്കിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നം അവസാനിക്കും

2. പരാസൈലിംഗ് ഈസി

നിലവിലെ സാഹചര്യത്തിൽ തീരത്ത് പാരാസൈലിംഗ് സാദ്ധ്യമല്ല. പാരാസൈലിംഗ് നടത്തുന്ന ബോട്ട് കടലിൽ കിടക്കുകയും മറ്റൊരു ഫീഡർ ബോട്ടിൽ സഞ്ചാരികളെ അവിടെ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത് ധാരാളം സമയനഷ്ടമുണ്ടാക്കുന്നു. ഡെക്ക് വരുന്നതോടെ നേരിട്ട് പാരസൈലിംഗ് സാദ്ധ്യമാകും

3. മുങ്ങിത്തപ്പാൻ സ്‌കൂബാ ഡൈവിംഗ്

സ്‌കൂബാ ഡൈവിംഗ് കേന്ദ്രമായി ഇടക്കല്ലിനെ മാറ്റാൻ കഴിയും. ഇപ്പോൾ ലൈറ്റ്ഹൗസ് ബീച്ചിൽ നിന്ന് കടലിലേക്ക് ബോട്ടിൽ പോയാണ് സ്‌കൂബാ ഡൈവിംഗ് നടത്തുന്നത്. ഇടക്കല്ലിലേക്ക് ഈ കേന്ദ്രം മാറുന്നതോടെ കൂടുതൽ ആകർഷകമാക്കാനാകും.

ഒഴുകുന്ന പാലം

കോഴിക്കോട്ടെത്തി

കോവളത്തെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് നിർമ്മിക്കുന്ന പദ്ധതി നടപ്പിലാക്കാൻ നേരത്തെ ആലോചിച്ചിരുന്നു. തിരമാലകൾക്ക് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പാലം നിശ്ചിത ദൂരം ഉള്ളിലേക്ക് നിർമ്മിക്കുന്നതായിരുന്നു പദ്ധതി.

ഇതേ പദ്ധതിയാണ് ഇപ്പോൾ കോഴിക്കോട് ബീച്ചിൽ നടപ്പിലാക്കിയത്. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ 50 പേർക്ക് ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമാണ് പാലത്തിൽ പ്രവേശനമുള്ളത്. കടലിലേക്ക് നീണ്ടുകിടക്കുന്ന പാലത്തിന്റെ അറ്റത്ത് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്.

Advertisement
Advertisement