ഊർജ്ജ  പ്രതിസന്ധി: ശ്രീലങ്കയിൽ 10 മണിക്കൂർ പവർകട്ട്

Thursday 31 March 2022 1:44 AM IST

കൊളംബോ: ഊർജ്ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കയിൽ ഇന്നലെ മുതൽ 10 മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നീ കാരണങ്ങളാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിർബന്ധിതരായതെന്ന് സിലോൺ വൈദ്യുതി ബോർഡ് അറിയിച്ചു.

ഫെബ്രുവരി മുതൽ രാജ്യത്ത് പവർകട്ട് നിലവിലുണ്ടായിരുന്നു. ജലവൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസൽ ഇല്ലാത്തതിനാൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തില്‍ തടസ്സം നേരിട്ടതുമാണ് ഊർജ്ജ പ്രതിസന്ധിയ്ക്ക് പ്രധാനകാരണം.

രാജ്യത്ത് ഡീസൽ ക്ഷാമം രൂക്ഷമായതിനാൽ ഡീസലിനായി പമ്പുകളിൽ ജനങ്ങൾ ക്യൂ നിൽക്കുന്നത് ഇന്നലെ മുതൽ വിലക്കി. വിലക്ക് ഇന്നും തുടരും.

ബിംസ്റ്റെക്ഉച്ചകോടിയിൽ പങ്കെടുക്കാൻ ശ്രീലങ്കയിൽ എത്തിയ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ശ്രീലങ്കയ്ക്ക് പരമാവധി സഹായം നൽകാൻ ഇന്ത്യ പരിശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു.

@ പ്രതിസന്ധി അഞ്ച് വർഷം നീണ്ടേക്കാം

പാചകവാതകത്തിനടക്കം രാജ്യത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. എല്ലാ ഡോളർ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നതിനാൽ വിദേശത്ത് പഠിക്കുന്നവർക്കടക്കം പണം അയക്കാൻ സാധിക്കുന്നില്ല. സ്വകാര്യ ബസ്സുകൾ സർവീസുകൾ നിറുത്തിയതും സർക്കാർ സർവീസുകളും ട്രെയിൻ സർവീസുകളും താറുമാറായതും ഗതാഗതത്തേയും ബാധിച്ചു. ആശുപത്രികളുടെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ പോലും ഡീസൽ ലഭ്യമല്ല. ചൈനയിൽ നിന്ന് അരി, പെട്രോൾ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

എന്നാലും, പ്രതിസന്ധി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ, ചൈനീസ് ക്രെഡിറ്റ് ലൈനുകളിലൂടെ ബാങ്കിംഗ് നടത്തുന്നുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ അഡിഷണൽ ഡയറക്ടർ ജനറൽ മിലിന്ദ രാജപക്‌സെ പറയുന്നു. ഏപ്രിൽ ആദ്യവാരം ധനമന്ത്രി ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തും. പുനർനിർമ്മാണ പദ്ധതിയെക്കുറിച്ച് ഐ.എം.എഫുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Advertisement
Advertisement